anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം. കേരളത്തിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് വികസിപ്പിച്ച ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നിർവഹിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഭയമില്ലാതെയും സമയബന്ധിതമായും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ സംവിധാനം തൊഴിലാളികളെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
പരമ്പരാഗതമായ കൈയെഴുത്ത് പരാതികളും ഓഫീസ് സന്ദർശനങ്ങളും ഒഴിവാക്കി, മൊബൈൽ ഫോണിലൂടെ തന്നെ ലളിതമായി പരാതികൾ നൽകാൻ ‘തൊഴിൽ സുരക്ഷ’ ആപ്പിലൂടെ സാധിക്കും. വോയിസ് അധിഷ്ഠിത പരാതി സമർപ്പണമാണ് ആപ്പിന്റെ പ്രധാന പ്രത്യേകത. മലയാളം ഉൾപ്പെടെ പതിനൊന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. അന്യസംസ്ഥാന തൊഴിലാളികൾക്കും എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ളവർക്കും ഉപകാരപ്രദമായ പദ്ധതിയാണിത്.
പരാതികൾ വോയിസ്, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ തുടങ്ങിയ രൂപങ്ങളിൽ സമർപ്പിക്കാം. ഒ.ടി.പി സംവിധാനം വഴി സുരക്ഷ ഉറപ്പാക്കുന്ന ആപ്പിൽ, നൽകിയ പരാതികളുടെ നിലവിലെ അവസ്ഥ അറിയാനുള്ള സൗകര്യവുമുണ്ട്. ഫാക്ടറി തൊഴിലാളികൾക്ക് പുറമെ നിർമ്മാണ മേഖലയിലുള്ളവർക്കും പൊതുജനങ്ങൾക്കും തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘തൊഴിൽ സുരക്ഷ’ ആപ്പ് ഉപയോഗിക്കാം.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മാർച്ച് ആദ്യവാരത്തോടെ ഗൂഗിൾ പ്ലേ സ്റ്റോറിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ആപ്പ് ലഭ്യമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ തൊഴിൽ സുരക്ഷ കൂടുതൽ സുതാര്യവും പ്രതികരണശേഷിയുള്ളതുമായ സംവിധാനമായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

Spread the News

Leave a Comment