കൊച്ചി പത്മവിഭൂഷൻ ബഹുമതി ഏറ്റുവാങ്ങി സ്വന്തം രാജ്യമാണ് പാർട്ടിയേക്കാൾ വലുതെന്ന സന്ദേശം പൊതു സമൂഹത്തിന് പകരണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് വി എസ് അച്യുതാനന്ദന്റെ ഭാര്യ കെ വസുമതിയ്ക്ക് തപാൽ മാർഗ്ഗം കത്ത് അയച്ചു.
വി എസ് അച്യുതാനന്ദൻ പ്രതിനിധാനം ചെയ്തിരുന്ന പാർട്ടിയ്ക്ക് പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെന്നും പ്രസ്തുത താല്പര്യങ്ങൾക്ക് ഒപ്പമാകും കുടുംബവുമെന്ന് കഴിഞ്ഞ ദിവസം അച്യുതാനന്ദന്റെ മകൻ അരുൺകുമാർ വി എ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബം പുരസ്കാരം സ്വീകരിക്കില്ലെന്ന വാർത്ത പ്രചരിക്കുവാൻ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. കുളത്തൂർ ജയ്സിങ് കത്ത് അയച്ചത്.
രാജ്യം നൽകുന്ന പുരസ്കാരങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് രാജ്യത്തെ അപമാനിക്കലിന് തുല്യമാണ്. ജനാധിപത്യ ഇന്ത്യയിൽ തെരെഞ്ഞെടുപ്പുകളിലൂടെ ഓരോ കാലയളവുകളിൽ ഭരണകൂടങ്ങൾ യാഥാർഥ്യമാണ്. ഭാരതത്തിന്റെ പുരസ്കാരങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ സമ്മാനങ്ങളായി കാണുവാൻ കഴിയില്ല.
രാഷ്ട്രീയ ജാതി മത വ്യത്യാസങ്ങളില്ലാതെ ഇന്ത്യൻ ജനത അവരുടെ ഹൃദയങ്ങളിൽ സൂക്ഷിക്കുന്ന നേതാവാണ് അന്തരിച്ച കേരളത്തിലെ മുൻ മുഖ്യമന്ത്രി കൂടിയായ വി എസ് അച്യുതാനന്ദൻ എന്നതുകൊണ്ട് ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൻ സ്വീകരിക്കേണ്ടതുണ്ട്. വി എസ് അച്യുതാനന്ദൻ ആദ്യം സ്നേഹിച്ചത് പാർട്ടിയേക്കാൾ സ്വന്തം രാജ്യത്തെയാണ്. അതിലെ എല്ലാ ജനവിഭാഗത്തേയും ഒരുപോലെ സ്നേഹിച്ചിരുന്നു. ജീവിച്ചിരുന്ന കാലയളവിൽ ഒരിക്കൽ പോലും രാജ്യ പുരസ്കാരങ്ങൾ വേണ്ടെന്ന് വയ്ക്കുവാൻ സ്വന്തമായി ആഹ്വാനം ചെയ്തിട്ടില്ല. സി പി എം നേതാവായത് കൊണ്ടല്ല അദ്ദേഹത്തെ തേടി രാജ്യ പുരസ്കാരം എത്തിയത്. മാതൃകാപരമായ പൊതു പ്രവർത്തനം നടത്തിയതിന് രാജ്യത്തിന്റെ ബഹുമതിയ്ക്ക് അർഹനായി. കഴിഞ്ഞ മാസമാണ് ബഹുമതിയെ കുറിച്ച് പ്രഖ്യാപനം ഉണ്ടായത്. ഭാരതത്തിന്റെ ആദരം നിരസിക്കണമെന്ന് രാജ്യസ്നേഹം ഉൾക്കൊള്ളുന്ന യാതൊരു പ്രസ്ഥാനങ്ങളും തീരുമാനം എടുക്കുകയോ നിർബന്ധിക്കുകയോ ചെയ്യില്ല. സി പി എം പാർട്ടിയ്ക്ക് അകത്ത് രാഷ്ട്രീയ ഭാവി ആഗ്രഹിക്കുന്നതിന്റെ ഭാഗമായി പുരസ്കാരം നിരസിക്കൽ പ്രഹസനം നടത്തുവാൻ ആരെയും അനുവദിക്കരുത്. വി എസ് അച്യുതാനന്ദൻ എന്നും മക്കൾ രാഷ്ട്രീയത്തിന് എതിരായിരുന്നു. കേരളത്തിലെ എല്ലാ മുൻ മുഖ്യമന്ത്രിമാർക്കും പത്മഭൂഷൺ ലഭിച്ചിട്ടില്ല. അതിനാൽ വി എസ് അച്യുതാനന്ദന് ഭാരതം പ്രഖ്യാപിച്ച പത്മഭൂഷൻ പുരസ്കാരം അദ്ദേഹത്തിന്റെ ഭാര്യയെന്ന നിലയിൽ ഏറ്റ് വാങ്ങി ഏതൊരു സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ പ്രസ്ഥാനത്തേക്കാൾ വലുതാണ് സ്വന്തം രാജ്യമെന്ന സന്ദേശം പൊതു സമൂഹത്തിന് പകരണമെന്ന് കത്തിൽ അഡ്വ കുളത്തൂർ ജയ്സിങ് അഭിപ്രായപ്പെടുന്നു.
പുരസ്കാരം വാങ്ങരുതെന്ന് സി പി എം യാതൊരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിൽ വി എസ് അച്യുതാനന്ദന്റെ മകന്റെ ഫേസ്ബുക്ക് പേജിലാണ് പുരസ്കാരം സ്വീകരിക്കില്ലെന്ന സൂചനകൾ ഉണ്ടായത്.