ചെർപ്പുളശ്ശേരി. അടുത്തുവരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പി നിയോജകമണ്ഡലത്തിൽ നിന്നും മുസ്ലീം ലീഗ് നേതാവ് മരക്കാർ മാരായമംഗലം മത്സരിക്കുമെന്ന് സൂചന. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് കോങ്ങാട് എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിൽ ലീഗിനായി മാറ്റി വെച്ചിട്ടുള്ളത്. ഇതിൽ കോങ്ങാട് മണ്ഡലം കോൺഗ്രസിന് സാധ്യതയുള്ളതിനാൽ പട്ടാമ്പി മണ്ഡലം മുസ്ലിം ലീഗ് ആവശ്യപ്പെട്ടതായും അവിടെ മുസ്ലിംലീഗിലെ പാലക്കാട് ജില്ലയിലെ സമുന്നതനായ നേതാവായി അറിയപ്പെടുന്ന മരക്കാർമാരായ മംഗലം മത്സരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇതു സംബന്ധിച്ച് പാണക്കാട് തങ്ങളാണ് അഭിപ്രായം പറയുക എന്നും പട്ടാമ്പി മണ്ഡലം ഇത്തവണ മുസ്ലീംലീഗിന് ലഭിക്കുമെന്നും മരക്കാർ മാരായ മംഗലം പറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സിപിഐ സ്ഥാനാർത്ഥിയായ മുഹമ്മദ് മുഹ്സിൻ ആണ് വിജയിച്ചു വരുന്നത്. എന്നാൽ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പട്ടാമ്പി മണ്ഡലം തിരിച്ചു പിടിക്കാനാവും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മണ്ണാർക്കാട് നിന്നും ഇത്തവണയും എൻ ഷംസുദ്ദീൻ തന്നെ മത്സരിക്കാനാണ് സാധ്യത.