ഇരിങ്ങാലക്കുട. കഥകളി സംഗീതാചാര്യൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ്റെ 106മത് ജന്മവാർഷികാഘോഷം ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണ സമിതിയുടെയും തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ രണ്ടിന് നടക്കും. തൃപ്പൂണിത്തുറ ശ്രീ വെങ്കിടേശ്വര ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ ആണ് വേദി ഒരുങ്ങുന്നത്.
രാവിലെ 9ന് ദീപ പ്രോജ്ജ്വലനം, പുഷ്പാർച്ചന , വന്ദനശ്ളോകം എന്നിവയോടെ തുടക്കം കുറിക്കും . മൺമറഞ്ഞ കഥകളി ഗായകരുടെ ഫോട്ടോ പ്രദർശനത്തിന്റെ ഉത്ഘാടനം ആർ.എൽ.വി.ദാമോദരപ്പിഷാറടി നിർവഹിക്കും. തുടർന്ന് കാവിൽ ഉണ്ണികൃഷ്ണ വാര്യർ സോപാന സംഗീതം അവതരിപ്പിക്കും. പത്തു മുതൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആശാനും കോട്ടക്കൽ ഗോപാലപ്പിഷാരടിയും ചേർന്ന് പാടിയ പാട്ടിൻ്റെ പിന്നണിയോടെ കലാമണ്ഡലം വൈശാഖ് രാജശേഖരനും കലാമണ്ഡലം ആദിത്യനും ചേർന്ന് രുഗ്മാംഗദചരിതം കഥയിലെ ആദ്യ രംഗം ചൊല്ലിയാടും.
11.30 ന് കലാമണ്ഡലം ജിഷ്ണു പ്രതാപിന്റെ ചാക്യാർകൂത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണി മുതൽ നടക്കുന്ന സംഗീതാർച്ചനയിൽ ശിഷ്യ പ്രശിഷ്യർ പങ്കെടുക്കും. വൈകിട്ട് നാലിന് കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ.ജി.പൗലോസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ സമ്മേളനം എം.എൽ.എ. കെ.ബാബു ഉത്ഘാടനം ചെയ്യും. വി. കലാധരൻ അനുസ്മരണ പ്രഭാഷണം നടത്തും. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക പുരസ്കാരം പ്രശസ്ത കഥകളി സംഗീതജ്ഞൻ കലാമണ്ഡലം നാരായണൻ നമ്പീശന് സമ്മാനിക്കും. മുതിർന്ന കഥകളി സംഗീതജ്ഞൻ കലാമണ്ഡലം സുരേന്ദ്രനെ ചടങ്ങിൽ ആദരിക്കും.തുടർന്ന് അവതരിപ്പിക്കുന്ന സുഭദ്രാഹരണം കഥകളിയിൽ കലാമണ്ഡലം പ്രദീപ് കലാമണ്ഡലം ആദിത്യൻ എന്നിവർ വേഷമിടും. നെടുമ്പള്ളി രാം മോഹൻ, ആദിത്യ പിഷാരടി, കലാമണ്ഡലം ഹരീഷ്, കലാമണ്ഡലം അനീഷ് എന്നിവർ പശ്ചാത്തലവും കലാമണ്ഡലം സുധിഷ് ചുട്ടിയും, എരൂർ ഭവനീശ്വരി കളിയോഗം ചമയവും ഒരുക്കും