ഒറ്റപ്പാലം. ഭിന്നശേഷിക്കാരുടെ പുനരധിവാസകേന്ദ്രമായ ലക്കിടി പോളി ഗാർഡനിൽ ഇനി വർഷം മുഴുവൻ ചക്ക വിളയും. പോളി ഗാർഡനിലേക്ക് ആവശ്യമായ മുഴുവൻ ചക്കയും ഇവിടെ തന്നെ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ വനമിത്ര അവാർഡ് ജേതാവും, ചെറുമുണ്ടശ്ശേരി യുപി സ്കൂളിലെ അധ്യാപകനുമായ എൻ. അച്യുതാനന്ദനാണ് ഇക്കഴിഞ്ഞ വർഷത്തെ ദീപാവലി ദിനത്തിൽ അത്യുല്പാദനശേഷിയുള്ളതും, വർഷം മുഴുവൻ കായ്ഫലം തരുന്നതുമായ വിയറ്റ്നാം സൂപ്പർ ഏർലി ഇനത്തിൽപ്പെട്ട 30 പ്ലാവിൻ തൈകൾ നട്ടു കൊണ്ട് ഇവിടെ ഒരു പ്ലാവിൻ തോട്ടം ഒരുക്കി നൽകിയത്. ഒരു വർഷത്തിന് ശേഷം ഇന്ന് വീണ്ടുമൊരു ദീപാവലി ദിനത്തിൽ നട്ട തൈകളുടെ തുടർപരിചരണ പ്രവർത്തനങ്ങൾക്കായാണ് അച്യുതാനന്ദൻ വീണ്ടും ഇവിടെ എത്തിയത്. ഒരു വർഷം കൊണ്ട് നട്ട തൈകളിൽ ഭൂരിഭാഗവും ഇടിച്ചക്കകൾ പൊട്ടി കായ്ച്ചു തുടങ്ങിയിട്ടുണ്ട്. പ്ലാവിൻ തോട്ടം വിപുലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇന്ന് 21 പ്ലാവിൻ തൈകൾ കൂടി നട്ടു.പോളിഗാർഡൻ കുടുംബാംഗങ്ങളും പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയുണ്ടായി