ചെങ്ങന്നൂർ. ശബരിമലയിലെ പഴയ കൊടി മരത്തിൽ ഉണ്ടായിരുന്ന വാജി വാഹനം രാജീവ് തന്ത്രി കൊണ്ടുപോയെന്ന് വിവാദം നിലനിന്നിരുന്നു. എന്നാൽ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് നേരത്തെ തന്ത്രി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ അയ്യപ്പന്റെ വാജി വാഹനം തിരിച്ചേൽപ്പിക്കണമെന്ന് വിശ്വാസികളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് തന്ത്രി എക്സിക്യൂട്ടീവ് ഓഫീസർക്ക് വാട്സാപ്പിൽ കത്ത് അയച്ചു. തന്റെ കൈയിലുള്ള വാജി വാഹനം തിരിച്ചേൽപ്പിക്കാൻ തയ്യാറാണെന്നും അതിൽ തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും കത്തിൽ പറയുന്നു. തന്ത്രിയുടെ വീട്ടിലേക്ക് ഇതിന്റെ പേരിൽ നാമജപ ഘോഷയാത്ര അടക്കം നടത്താൻ ചില സംഘടനകൾ തീരുമാനിച്ചിരുന്നു. സംഗതി വിവാദമായതോടെയാണ് തന്ത്രി വാജി വാഹനം തിരിച്ചേൽപ്പിക്കുന്നത്. എന്നാൽ ഇതിൽ തീരുമാനമെടുക്കേണ്ടത് നിലവിലുള്ള ബോർഡ് ആണ്. ഹൈക്കോടതിയുടെ അനുമതിയും വാങ്ങി മാത്രമേ അയ്യപ്പൻറെ വാഹനമായ വാജി വാഹന ശില്പം തന്ത്രിയിൽ നിന്നും തിരികെ വാങ്ങിക്കുന്നുള്ളൂ എന്നാണ് ദേവസ്വം ബോർഡിൽ നിന്നും അറിയാൻ കഴിയുന്നത്.