anugrahavision.com

വനിതാ കമ്മിഷന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

പബ്ലിക് ഹിയറിംഗ്, പട്ടികവര്‍ഗ മേഖലാ ക്യാമ്പ്, തീരദേശ ക്യാമ്പ് എന്നീ മൂന്നു സുപ്രധാന പരിപാടികളുടെ ഭാഗമായി വിവിധ തുറകളിലെ സ്ത്രീകളെ നേരിട്ടു കണ്ട് പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദേശങ്ങള്‍ സഹിതം കേരള വനിതാ കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി, മെമ്പര്‍മാരായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിംഗ്ടണ്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ എന്നിവര്‍ അടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഓരോ മേഖലകളിലുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവരില്‍ നിന്ന് നേരിട്ടു മനസിലാക്കുന്നതിനായി ഈ സാമ്പത്തികവര്‍ഷം 11 പബ്ലിക് ഹിയറിംഗുകള്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ചു. പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവരില്‍ നിന്നു നേരിട്ടു മനസിലാക്കുന്നതിനായി സംസ്ഥാനത്തെ 11 ജില്ലകളിലായി പട്ടികവര്‍ഗ മേഖലാ ക്യാമ്പ് സംഘടിപ്പിച്ചു. തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് ഒന്‍പത് പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു.
ചരിത്രപരമായ ചുവടുവയ്പ്പിന്റെ ഭാഗമായി വനിതാ കമ്മിഷന്‍ അധ്യക്ഷയും മെമ്പര്‍മാരും നേരിട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് അടുത്തേക്ക് എത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞത് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പുതിയൊരു അനുഭവവും ആശ്വാസവുമാണ് പ്രദാനം ചെയ്തത്. ആരോടും പറയാന്‍ കഴിയാതെ ഉള്ളിലടക്കിയിരുന്ന പ്രശ്‌നങ്ങള്‍ വനിതാ കമ്മിഷന്‍ കേള്‍ക്കുകയും പരിഹാര നിര്‍ദേശങ്ങള്‍ സഹിതം സര്‍ക്കാരിനു സമര്‍പ്പിക്കുകയുമായിരുന്നു. സ്ത്രീശാക്തീകരണം പൂര്‍ണതയില്‍ എത്തിക്കുന്നതിനും സമൂഹത്തിന്റെ എല്ലാ മേഖലകളിലും പുരുഷനൊപ്പം സ്ത്രീക്കും തുല്യത ഉറപ്പാക്കുന്നതിനുമുള്ള ചരിത്രപരമായ പ്രയാണമാണ് കേരള വനിതാ കമ്മിഷന്‍ നടത്തുന്നത്.

Spread the News
0 Comments

No Comment.