എറണാകുളം രവിപുരത്ത് അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സുകൾക്കെതിരെ ആർ.ടി.ഒ (എൻഫോഴ്സ്മെൻ്റ്) നടപടിയെടുത്തു. ബസ്സ് ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കി. എറണാകുളം സിറ്റി പോലീസും ഈ ബസുകൾക്കെതിരെ അപകടകരമായ ഡ്രൈവിങ്ങിന് നടപടി സ്വീകരിച്ചു.
വാതിൽ തുറന്നിട്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് രണ്ട് ബസ് ഡ്രൈവർമാരുടെ ലൈസൻസ് എറണാകുളം ആർ.ടി.ഒ. (എൻഫോഴ്സ്മെന്റ്) സസ്പെൻഡ് ചെയ്തു.
എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കവും സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലും ജില്ലാ ട്രാൻസ്പോർട്ട് കമ്മീഷണർക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
റോഡിലൂടെയുള്ള സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും, ഇതിനെതിരെയുള്ള പരിശോധനകൾ തുടരുമെന്നും ആർ.ടി .ഒ എൻഫോഴ്സ്മെന്റ് അറിയിച്ചു.
*അപേക്ഷ ക്ഷണിക്കുന്നു*
ഓണാഘോഷത്തോടനുബന്ധിച്ച് വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ഡിറ്റിപിസിയും സംയുക്‌തമായി സംഘടിപ്പിക്കുന്ന വിവിധ കലാ സാംസ്ക്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള സംഘടനകൾ, കലാകാരൻമാർ, കലാസംഘടനകൾ, സാംസ്ക്കാരിക സ്പോർട്‌സ് സംഘടനകൾ, ഈവൻ്റ് മാനേജ്‌മെൻ്റ് സംഘങ്ങൾ/സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. പരിപാടികളുടെ റേറ്റും, പരിപാടികളെകുറിച്ചുള്ള വിശദവിവരങ്ങൾ പങ്കെടുക്കുന്ന കലാകാരൻമാരുടെ പേര് തുടങ്ങിയവ ഉൾപ്പെടെ അപേക്ഷിക്കണം. ഇമെയിൽ മുഖേനയും അയക്കാവുന്നതാണ്. (info@dtpcernakulam.com). അപേക്ഷകൾ/താത്പര്യപത്രം എന്നിവ ലഭിച്ചിരിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 14-ാം തീയതി വൈകിട്ട് 5 വരെ. അപേക്ഷകൾ ജില്ലാ കളക്‌ടർ ജനറൽ കൺവീനറായ ജില്ലാ തല ഓണാഘോഷ സമിതിയുടെ പരിശോധനയ്ക്കും അനുമതിക്കും വിധേയമായിട്ടായിരിക്കും പരിഗണിക്കുക. ഫോൺ:0484 2367334.
*ട്രാഫിക് കുരുക്ക് – റെഗുലേറ്ററി കമ്മിറ്റി ചേർന്നു*
മരട് നഗരസഭാ പരിധിയിലെ രൂക്ഷമായ ഗതാഗത കുരുക്ക് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് നഗരസഭയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേർത്തു. ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി വരും ദിവസങ്ങളിൽ ഊർജ്ജിത നടപടികൾ സ്വീകരിക്കുവാനും
മരട് നഗരസഭയിലെ ഉൾറോഡുകളും എൻ.എച്ച് റോഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രണ്ട് ദിവസത്തനകം അനധികൃതമായി പാർക്കിംഗ് ചെയ്തിട്ടുള്ള വാഹനങ്ങൾ മാറ്റിയില്ലായെങ്കിൽ പിഴ ചുമത്തുവാനും തീരുമാനമായി. കൂടാതെ കുണ്ടന്നുർ ബസ് സ്റ്റോപ്പിൽ നിർത്താതെ മേൽപാലത്തിലൂടെ പോകുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുവാനും ,നെട്ടൂർ പ്രദേശങ്ങളിൽ അപകടമുണ്ടാക്കത്തക്ക രീതിയിൽ ആടുകളെ റോഡിലേക്ക് അഴിച്ചു വിട്ടു വളർത്തുന്ന പ്രവണത വർദ്ധിച്ചു വന്നിരിക്കുന്നതു തടയുവാൻ കർശന നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു.
തൃപ്പൂണിത്തുറ ട്രാഫിക് ഇൻസ്പെക്ടർ കെ ആർ ബിജു, മരട് സബ് ഇൻസ്പെക്ടർ,കെ ഗോപകുമാർ , വില്ലേജ് അസി ഓഫീസർ പി ആർ രാജേന്ദ്രൻ ,വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമ്മദ്, ബിനോയ് ജോസഫ് , റിനി തോമസ്, ബേബി പോൾ, കൗൺസിലർമാരായ സി .ആർ .ഷാനവാസ്, ചന്ദ്രകലാധരൻ , പി.ഡി. രാജേഷ്, മിനി ഷാജി, മോളി ഡെന്നി ,രേണുക ശിവദാസ്, ഷീജ സാൻകുമാർ , അനീഷ് ഉണ്ണി, ജയ ജോസഫ് , ഉഷ സഹദേവൻ, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം , തുടങ്ങിയവർ പങ്കെടുത്തു.