വിക്ടോറിയക്ക് കിഫ്ബിയുടെ 14.9 കോടിയുടെ അക്കാദമിക് സമുച്ചയം. ഉദ്ഘാടനം മാര്‍ച്ച് ഏഴിന് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും
പാലക്കാട് ഗവ വിക്ടോറിയ കോളെജില്‍ 14.9 കോടി രൂപ ചെലവിട്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കിയ പുതിയ അക്കാദമിക് സമുച്ചയത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് 1.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അധ്യക്ഷനാകുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ എ. പ്രഭാകരന്‍, കെ. ശാന്തകുമാരി എന്നിവര്‍ വിശിഷ്ട സാന്നിധ്യം വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, നഗരസഭാ കൗണ്‍സിലര്‍ പി.സാബു, മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ്, മുന്‍ എം.എല്‍.എ ടി.കെ നൗഷാദ്, പി.ടി.എ പ്രസിഡന്റ് ആര്‍. വിജയന്‍, കോളെജ് യൂണിയന്‍ ചെയര്‍മാന്‍ സി.ടി അന്‍ഷിദ് റഹ്മാന്‍, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി എം. അനുപമ തുടങ്ങിയവര്‍ പങ്കെടുക്കും. ഭരണഘടനയുടെ ആമുഖം മാഗസിന്‍ എഡിറ്റര്‍ അഗ്നി ആഷിക് വായിക്കും. തുടര്‍ന്ന് കോളെജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
മൂന്നു നിലകളിലായി 40,000 ചതുരശ്ര അടി വരുന്ന അക്കാദമിക് സമുച്ചയത്തില്‍ ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ 26 ക്ലാസ് മുറികളുണ്ട്. ഇക്കണോമിക്സ്, ഹിസ്റ്ററി, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് തുടങ്ങിയ ആര്‍ട്സ്, സയന്‍സ് ബ്ലോക്കുകളാണ് പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുക. കമ്പ്യൂട്ടര്‍ ലാബുകളും റിസര്‍ച്ച് റൂമുകളും ഒരുക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി ഓരോ നിലയിലും ശുചിമുറി സൗകര്യങ്ങള്‍ സജ്ജമാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ പ്രത്യേക സൗകര്യങ്ങളുള്ള ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
No Comment.