anugrahavision.com

ചളവറ പാലാട്ടു പാലസും ജപ്തിയും, കുബേര യാഗവും

ചെർപ്പുളശ്ശേരി. കുബേര യാഗം നടക്കുന്നതിനു മുമ്പ് തന്നെ പാലാട്ടു പാലസ് എന്ന് പലരും അറിഞ്ഞു തുടങ്ങിയിരുന്നു. മെറ്റാ ഫിസിക്സ് എന്നൊരു മെത്തേഡ് നിലവിലുണ്ടെന്നും ഈ രഹസ്യം ഉപയോഗിച്ച് ഓരോരുത്തർക്കായി പൂജകളും വഴിപാടുകളും ചെയ്ത് കോടികൾ സമ്പാദിക്കാം എന്ന് ഒരു പാവം ചളവറക്കാരൻ സ്വപ്നം കണ്ടതിന്റെ ഫലമാണ് ചളവറ പാലസ് എന്ന രാജകൊട്ടാരം ചളവറയിൽ ഉണ്ടാകുന്നത്.
കേവല വിദ്യാഭ്യാസം മാത്രമുള്ള ഒരു ഇൻഷുറൻസ് ഏജന്റ് ലോകത്തിലെ ഒരു മഹാത്ഭുതം കണ്ടുപിടിച്ചതിൽ ആകൃഷ്ടരാവുകയും മലയാളത്തിലെ ചലച്ചിത്ര താരങ്ങളും നിരവധി വ്യവസായ പ്രമുഖരും മറ്റു രാജ്യങ്ങളിലെ മന്ത്രിമാരും എല്ലാം വിശ്വസിച്ച് കോടികൾ കൊണ്ടു പോയി പാലസിലെ രാജാവിന് കൈമാറുന്നു. രാജാവാകട്ടെ പ്രജാക്ഷേമ തൽപരനായി നാട്ടുകാർക്കു മുഴുവൻ സേവനം ചെയ്തു കൊണ്ട് രാജകൊട്ടാരത്തിൽ അങ്ങനെ വാണരുളി.
അങ്ങനെയിരിക്കെ രാജാവിനും പ്രജകൾക്കും സ്വന്തം ഇഷ്ടക്കാർക്കും കുബേരന്മാരായി മാറുന്നതിനു വേണ്ടി കൊട്ടാരത്തിൽ കുബേര ക്ഷേത്രം പണിയുകയും ഒരു കുബേര യാഗം തന്നെ നടത്തി ഇന്ത്യയിൽ നിന്നും അങ്ങോളമിങ്ങോളം ഭക്തജനപ്രവാഹത്തെ ചളവറയിലേക്ക് ഒഴുക്കിവിട്ടു കൊണ്ട് കുബേര യാഗം മനോഹരമാക്കി തീർത്തു. കുബേര യാഗത്തിന് വന്നവരെല്ലാം തന്നെ കോടീശ്വരന്മാരായി മാറുമെന്ന് രാജാവും പരിവാരങ്ങളും ഗിർവാണം മുഴക്കി. അൽപ്പന്  ഐശ്വര്യം കിട്ടിയാൽ പിടിക്കുന്ന കുടയും ചൂടിക്കൊണ്ട് രാജാവും പരിവാരങ്ങളും അങ്ങനെ കഴിഞ്ഞുപോന്നു.
മനുഷ്യ ദൈവങ്ങളെ ആകപ്പാടെ അങ്കലാപ്പിലാഴ്ത്തി കൊണ്ടായിരുന്നു കോവിഡ് മഹാമാരിയുടെ വരവ്. കോവിഡിന് ശേഷം പാലസും രാജാവും നിലം പൊത്തി.
കോടീശ്വരന്മാരുടെ വരവ് കണ്ടു ബാങ്ക് ലോൺ അടക്കം സംഘടിപ്പിച്ച രാജാവിനെ തിരിച്ചടവ് ഏറെ പ്രയാസമുണ്ടാക്കി.
ഇപ്പോൾ പാലസും കുബേര ക്ഷേത്രവും ഷോർണൂർ അർബൻ ബാങ്ക് ജപ്തി ചെയ്തിരിക്കുകയാണ്. ഏഴു കോടിയിലധികം രൂപയാണ് ബാങ്കിന് കിട്ടാനുള്ളത് എന്ന് കരക്കമ്പി പരന്നുകഴിഞ്ഞു. രാജാവാകട്ടെ സ്ഥലത്തില്ല എന്നതാണ് അറിയാൻ കഴിയുന്നത്. ഏതായാലും പാലസിന്റെ പ്രവർത്തനം പൂർണ്ണമായും അടഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ ഈ ഒരു പാലസ് മാത്രമല്ല ശ്രീകൃഷ്ണപുരത്തെ ഒരു പാലസും മറ്റ് അനേകം പാലസുകളും ഏകദേശം ഇത്തരത്തിൽ തന്നെയാണ് ഇപ്പോൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാഴ്ത്തി പാടാൻ മുപ്പത്തി മുകോടി ദൈവങ്ങളുള്ള ഇവിടെയാണ് മനുഷ്യ ദൈവങ്ങളെ കൂടി ആളുകൾ വിശ്വസിച്ചു പോന്നിരുന്നത്. പാലസിന്റെ
പ്രവർത്തനം പൂർവസ്ഥിതിയിലാകുമെന്ന് പ്രത്യാശിക്കാൻ ചളവറയിലെ കുറച്ച് ആളുകൾ എങ്കിലും ഉണ്ട് എന്നതാണ് ആകെയുള്ള ആശ്വാസം

ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്ന വരുമായി ഒരു ബന്ധവുമില്ല. ഇത് ഒരു സാങ്കല്പിക കഥ മാത്രം

 

Spread the News
0 Comments

No Comment.