തിരൂരങ്ങാടി സർക്കാർ താലൂക്ക് ആശുപത്രിയിൽ മുറിവേറ്റ് രക്തം ഒലിക്കുന്ന തരത്തിൽ അടിയന്തിര ചികിത്സക്ക് എത്തിയ ഒരു വയസ്സുകാരനും ആറ് വയസ്സുകാരനും തക്ക സമയത്ത് ചികിത്സ നൽകുവാൻ ഡ്യൂട്ടി ഡോക്ടർ തയ്യാറായില്ലെന്ന പരാതിയിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി .
ആരോഗ്യ വകുപ്പ് ഡയറക്ടർ , മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം എന്നിവർക്ക് കമ്മീഷൻ ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചു .
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ . കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ അടിയന്തിര ഇടപെടൽ ഉണ്ടായിരിക്കുന്നത് . കഴിഞ്ഞ എട്ടാം തീയതി രാത്രി എട്ട് മണി കഴിയവെ വാതിലിൽ കൈ വിരൽ കുടുങ്ങി മുറിഞ്ഞു രക്തം ഒഴുകുന്ന തരത്തിൽ വെളിമുക്ക് ആലുങ്ങൽ സ്വദേശി മണക്കടവൻ ഷാഹുൽ ഹമീദ് – ഷക്കീല ദമ്പതികളുടെ മകൻ ഒരു വയസ്സുള്ള മുഹമ്മദ് ഷെഫിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു . മുറിവ് കെട്ടുന്ന റൂമിൽ കുട്ടിയെ ഇരുത്തിയതല്ലാതെ തക്കസമയത്ത് കുട്ടിയ്ക്ക് ചികിത്സ നൽകുവാൻ ഡ്യൂട്ടി ഡോക്ടർ തയ്യാറായില്ല. 9 മണിയോടെ വീണു ചുണ്ട് പൊട്ടി രക്തം ഒലിക്കുന്ന തരത്തിൽ ആറു വയസ്സുള്ള റസനെ വേങ്ങര കുറിയാട് സ്വദേശികളായ നൗഫൽ – ഉമ്മു ഉബൈദ ദമ്പതികൾ ആശുപത്രിയിൽ എത്തിച്ചപ്പോഴും കൈവിരൽ വാതിലിൽ കുടുങ്ങി പരുക്ക് പറ്റിയ ഒരു വയസ്സുകാരൻ വേദന കൊണ്ട് കരഞ്ഞു ചികിത്സാക്കായി ആശുപത്രിയിൽ കാത്ത് ഇരിപ്പുണ്ടായിരുന്നു .
വിരലിന് പരിക്ക് പറ്റിയ ഒരു വയസ്സുകാരൻ കരയുന്നത് ശ്രദ്ധയിൽ പെടുത്തിയ ആറു വയസ്സുകാരന്റെ പിതാവ് നൗഫലിന് ഡോക്ടറിൽ നിന്നും മോശം അനുഭവം ഉണ്ടായി . കുട്ടിയോടൊപ്പം ഞാനും കൂടെ കരയണോ പച്ചയ്ക്ക് ഞാൻ കുട്ടിയുടെ മുറിവ് തുന്നും അപ്പോൾ ഇതിനെക്കാൾ ഉച്ചത്തിൽ കുട്ടി കരയുമെന്നു ഡോക്ടറുടെ ദേഷ്യത്തിലുള്ള നിലപാട് ചികിത്സയ്ക്ക് കാത്തിരുന്ന കുട്ടികൾക്ക് ഭയപ്പാടും മനോ വിഷമവും ഉണ്ടാക്കി .
ഡോക്ടറുടെ നിലപാടിൽ മനംനൊന്ത് ഒരു വയസ്സുകാരൻ പ്രൈവറ്റ് ആശുപത്രിയിൽ കടം വാങ്ങിയ പണവുമായി ചികിത്സ തേടി . ആറു വയസ്സുകാരന് മതിയായ ചികിത്സ ഡോക്ടർ നൽകിയുമില്ല.
പരിക്കേറ്റ് ചികിത്സക്ക് എത്തിയ കുട്ടികൾക്ക് തക്ക സമയത്ത് ചികിത്സ നൽകുവാൻ മടി കാണിച്ചതും കുട്ടികളുടെ മുന്നിൽ വച്ചുള്ള ഡോക്ടറുടെ നിലപാടുകളും ചികിത്സാക്കെത്തിയ കുട്ടികൾക്ക് മനോവേദനയും ഭയപ്പാടും ഉണ്ടാക്കിയെന്നും ഡോക്ടർക്ക് എതിരെ സുപ്രണ്ടിനോട് പരാതി പറഞ്ഞ ആറു വയസ്സുകാരന്റെ പിതാവിനെതിരെ കള്ള കേസ് എടുപ്പിച്ച് പോലീസിന്റെ സാന്നിധ്യം ഉണ്ടാക്കിയതോടെ ആറു വയസ്സുകാരൻ ഭയപ്പാടിലാണെന്നും കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നു .
ഇത്തരം മനുഷ്യത്വ രഹിത സമീപനങ്ങൾ കുറ്റകരമെന്നതിനാൽ ആരോപണ വിധേയയായ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും അത്യാസന്ന നിലയിലും പരുക്ക് പറ്റിയും വരുന്ന കുട്ടികൾക്ക് ആദ്യ ചികിത്സ പരിഗണന സർക്കാർ ആശുപത്രിയിൽ ഉറപ്പ് വരുത്തുവാൻ കമ്മീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് നിർദ്ദേശിക്കണമെന്നും അഡ്വ . കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു .
No Comment.