anugrahavision.com

ശബരിമലയ്ക്ക് കാവലായി സന്നിധാനം പോലീസ് സ്റ്റേഷൻ

ശബരിമലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ സ്ഥിരം സംവിധാനമാണ് സന്നിധാനം പോലീസ് സ്റ്റേഷൻ. വർഷത്തിൽ മുഴുവൻ സമയവും ഇവിടെ പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. പമ്പയിലെ പോലീസ് സ്റ്റേഷനു കീഴിലാകും സാധാരണ സമയങ്ങളിൽ പ്രവർത്തനം. മണ്ഡല മകര വിളക്ക് കാലത്തു മാത്രം കേസെടുക്കുന്ന തിനുള്ള പ്രത്യേകാധികാരത്തോടു കൂടിയാകും ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഒരു സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കീഴിൽ 20 പോലീസുദ്യോഗസ്ഥരാണ് ഇവിടെ തീർഥാടന കാലത്ത് ഉണ്ടാവുക. ഈ തീർഥാടന കാലത്ത് രണ്ട് സുമോട്ടോ കേസുകളാണ് ഇതു വരെ ഇവിടെ രജിസ്റ്റർ ചെയ്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ചന്ദ്രൻ പറഞ്ഞു. സന്നിധാനത്ത് ഒറ്റപ്പെട്ടു പോകുകയോ കാണാതാകുകയോ ചെയ്യുന്നവരെ കണ്ടെത്തൽ, നഷ്ടപ്പെട്ടു പോകുന്ന വില പിടിപ്പുള്ള വസ്തുക്കൾ സി സി ടി വി യുടെ സഹായത്തോടെ കണ്ടെത്താൻ സഹായിക്കൽ തുടങ്ങി ധാരാളം സഹായങ്ങൾ തീർഥാടകർക്കായി ഇവർ ചെയ്യുന്നുണ്ട്. സന്നിധാനത്ത് കാണാതാകുന്നവരെ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ തന്നെ കണ്ടെത്താൻ സാധിക്കാറുണ്ട്. ഭിക്ഷാടനത്തിനായി സന്നിധാനത്തെത്തിയ ഏതാനും പേരെ പമ്പയിലെത്തിച്ച് സാമൂഹിക നീതി വകുപ്പിന്റെ സഹായത്തോടെ സുരക്ഷിതമായ ഷെൽട്ടറുകളിലേക്ക് മാറ്റിയിരുന്നു. മൊബൈൽ ഫോണുകളും പേഴ്സുകളുമുൾപ്പെടെ നഷ്ടപ്പെട്ടു പോയ 50 ഓളം വസ്തുക്കൾ കണ്ടെത്തി നൽകാനും സാധിച്ചിട്ടുണ്ട്. തീർഥാടകർ വിശ്രമിക്കുമ്പോഴും മറ്റും സ്വകാര്യ വസ്തുക്കൾ സൂക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.

സന്നിധാനത്തെ പോലീസ് കൺട്രോൾ റൂം നമ്പർ: *04735 202016*

സന്നിധാനം പോലീസ് സ്റ്റേഷൻ: *04735 202014*

Spread the News
0 Comments

No Comment.