ചെർപ്പുളശ്ശേരി.നഗരത്തിലെ അർബൻ ബാങ്ക് കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടന്നതായി ബിജെപി നേതാക്കൾ ചെർപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിനാമി ലോണുകൾ, വ്യാജമായി നിർമ്മിച്ച അക്കൗണ്ടുകൾ, അർഹത മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അനധികൃതമായി കൊടുത്ത വായ്പകൾ എന്നിങ്ങനെ അടിമുടി കൃത്രിമം നടത്തിയാണ് ബാങ്ക് പ്രവർത്തിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
ഇതിനെതിരെ കേസ് കൊടുക്കുമ്പോൾ ചെർപ്പുളശ്ശേരി പോലീസും സിപിഐഎം നേതാക്കളും ഒത്തുക്കളിച്ചുകൊണ്ട് കേസുകൾ ഒതുക്കി തീർക്കുന്നതായും ബി ജെ പി നേതാക്കൾ ആരോപിച്ചു. മാത്രമല്ല ചെർപ്പുളശ്ശേരി അയ്യപ്പൻകാവിന്റെ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായും അർബൻ ബാങ്കിന്റെ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി അയ്യപ്പൻ കാവിലെ സമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ നടക്കുന്നത് എന്നും ബിജെപി നേതാക്കൾ പറഞ്ഞു. ഇത്തരം ചെയ്തികൾ ചെയ്ത അയ്യപ്പൻകാവ് ഭരണസമിതിയെയും അതിനു കൂട്ടുനിൽക്കുന്ന അർബൻ ബാങ്ക് ജീവനക്കാരെയും പ്രതിചേർത്ത എഫ് ഐ ആർ പോലീസ് രജിസ്റ്റർ ചെയ്യണമെന്നും, ക്രമക്കേട് നടത്തിയവരെ പുറത്താക്കാൻ ഭരണ സമിതികൾ ആർജ്ജവം കാണിക്കണമെന്നും ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നടത്തുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി സംസ്ഥാന നിർവാഹ സമിതി അംഗം സന്ദീപ് വാരിയർ,, പി ജയൻ, ഹരിദാസ് തുടങ്ങിയ നേതാക്കൾ കാര്യങ്ങൾ വിശദീകരിച്ചു
No Comment.