anugrahavision.com

Onboard 1625379060760 Anu

ഗർഭസ്ഥശിശുവിന് കടുത്ത വിളർച്ച: പൊക്കിൾക്കൊടിയിലൂടെ രക്തം നൽകി രക്ഷിച്ച് ആസ്റ്റർ മെഡ്സിറ്റി*

*കൊച്ചി, 24-09-2024:* കടുത്ത വിളർച്ച കാരണം അപകടനിലയിലായ ഗർഭസ്ഥശിശുവിനെ അതിസങ്കീർണമായ ചികിത്സാരീതിയിലൂടെ രക്ഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി. 32 ആഴ്‌ചകൾ മാത്രം പ്രായമായ കുഞ്ഞ്, അമ്മയുടെ രക്തഗ്രൂപ്പുമായി ചേരാത്തത് കാരണമുള്ള ബുദ്ധിമുട്ടുകളാൽ പ്രയാസമനുഭവിക്കുകയായിരുന്നു. 31 വയസുകാരിയുടെ ഗർഭസ്ഥശിശുവിനാണ് ആസ്റ്റർ മെഡ്‌സിറ്റി പുതുജീവൻ നൽകിയിരിക്കുന്നത്.

അമ്മയുടെ രക്തഗ്രൂപ്പ് Rh നെഗറ്റീവ് ആണ്. കുഞ്ഞിന്റേത് പോസിറ്റീവും. ഇങ്ങനെ വരുമ്പോൾ അമ്മയുടെ ശരീരത്തിൽ ഒരു ആന്റിജൻആന്റിബോഡി റിയാക്ഷൻ ഉണ്ടാകും. അമ്മയുടെ രോഗപ്രതിരോധശേഷി കുഞ്ഞിന്റെ ചുവന്നരക്താണുക്കളെ നശിപ്പിക്കുന്ന ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്നു. ആദ്യത്തെ ഗർഭധാരണത്തിൽ ഈ വ്യത്യാസം കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. പക്ഷേ, ആ പ്രസവം കഴിഞ്ഞാലും അമ്മയുടെ ശരീരത്തിൽ ഈ ആന്റിബോഡികൾ ജീവിതകാലം മുഴുവൻ നിലനിൽക്കും. വീണ്ടും ഗർഭിണിയാകുമ്പോൾ ആ കുഞ്ഞിന്റെ രക്തഗ്രൂപ്പും പോസിറ്റീവായാൽ ഈ ആന്റിബോഡികൾ ആ ഭ്രൂണത്തെ ആക്രമിക്കും. കുഞ്ഞിന് ഗുരുതരമായ വിളർച്ച, ഓക്സിജൻ ലഭ്യതക്കുറവ്, ഹൃദയത്തകരാറുകൾ, മഞ്ഞപ്പിത്തം എന്നീ പ്രശ്നങ്ങൾക്ക് ഇത് ഇടയാക്കിയേക്കാം.

ആസ്റ്റർ മെഡ്സിറ്റിയിലെത്തിയ അമ്മയുടെ രക്തഗ്രൂപ്പ് നെഗറ്റീവ് ആയതിനാലും രണ്ടാമത്തെ പ്രസവമായതിനാലും അമ്മയും കുഞ്ഞും നിരന്തര നിരീക്ഷണത്തിലായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ അങ്ങിങ്ങായി നീരുകെട്ടിയതായി (ഹൈഡ്രോപ്സ് ഫീറ്റാലിസ് എന്ന അവസ്ഥ) ഡോപ്ലർ സ്കാനിങ്ങിൽ കണ്ടെത്തി. ഉടൻ ഇടപെട്ടില്ലെങ്കിൽ ഹൃദയത്തിന് തകരാറുണ്ടായേക്കാം എന്ന അവസ്ഥയിലായിരുന്നു. ഈ വിഷമഘട്ടത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ഇൻട്രായൂറ്ററീൻ ഫീറ്റൽ ബ്ലഡ് ട്രാൻസ്‍ഫ്യുഷൻ (ഐ.യു.ടി) എന്ന ചികിത്സാരീതിയാണ് ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാർ ഉപയോഗിച്ചത്. അമ്മയുടെ ഗർഭപാത്രത്തിലിരിക്കെ തന്നെ പൊക്കിൾകൊടിയിലൂടെ കുഞ്ഞിന് രക്തമെത്തിക്കുന്ന രീതിയാണിത്.

ഏറ്റവും അനുയോജ്യമായ ഒ-നെഗറ്റീവ് രക്തമാണ് കുഞ്ഞിന് നൽകിയത്. അൾട്രാസൗണ്ട് ഉപയോഗിച്ച് കുഞ്ഞിന്റെ പൊക്കിൾക്കൊടിയിലെ ഞരമ്പിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തുകയും അതിലൂടെ രക്തം കടത്തിവിടുകയും ചെയ്യുന്നു. ഏറെ സങ്കീർണമായ ചികിത്സാരീതിയാണിത്. കുഞ്ഞിന് നൽകുന്ന രക്തം വിവിധ പരിശോധനകൾക്ക് വിധേയമാക്കി ശുദ്ധവും അനുയോജ്യവുമാണെന്ന് ഉറപ്പാക്കണം. എത്ര രക്തം നൽകണമെന്ന് കൃത്യമായ അളവ് നിശ്ചയിക്കേണ്ടതും പ്രധാനമാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ ചികിത്സാരീതി മികച്ച ഫലപ്രാപ്തിയോടെയാണ് ആസ്റ്റർ മെഡ്സിറ്റി പൂർത്തിയാക്കിയത്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഡോക്ടർമാർ ഒഴിവാക്കി. പിന്നീട്, അമ്മയും കുഞ്ഞും നിരന്തരനിരീക്ഷണത്തിലായിരുന്നു. ആഴ്ചകൾക്ക് ശേഷം കാര്യമായ ബുദ്ധിമുട്ടുകളില്ലാതെ പ്രസവം നടന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ആശുപത്രിവിടുകയും ചെയ്തു.

ഇതിന് പകരമുള്ള മറ്റൊരു പോംവഴി, പ്രസവം നേരത്തേയാക്കുക മാത്രമാണ്. അങ്ങനെ മാസംതികയാതെ പ്രസവം നടത്തിയിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ കുഞ്ഞിനെ അസുഖങ്ങൾ അലട്ടുമായിരുന്നു. അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ തന്നെ ആവശ്യമായ വളർച്ച കൈവരിക്കാനുള്ള അവസരമാണ് ഐ.യു.ടി ചികിത്സയിലൂടെ ഡോക്ടർമാർ നൽകിയത്

പ്രസവകാലത്ത് കൃത്യമായ ചെക്കപ്പുകൾ നടത്തിയത് കൊണ്ടാണ് ഇത്രയും വലിയൊരു പ്രതിസന്ധി ഒഴിവാക്കാനായതെന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഫീറ്റൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. സിന്ധു പുതുക്കുടി പറഞ്ഞു. രക്തഗ്രൂപ്പിലെ വ്യത്യാസം കാരണം ഗുരുതരമായ വിളർച്ചയുള്ള ഗർഭസ്ഥശിശുക്കളിലാണ് ഇൻട്രായൂറ്ററീൻ ഫീറ്റൽ ബ്ലഡ് ട്രാൻസ്‍ഫ്യുഷൻ ഉപയോഗിക്കുന്നത്. നെഗറ്റീവ് രക്തഗ്രൂപ്പുള്ള അമ്മമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് കുഞ്ഞിനെ സംരക്ഷിക്കാം.

Spread the News
0 Comments

No Comment.