കൊച്ചി: കൊല്ലം സെയിലേഴ്‌സിനെതിരെയുള്ള മത്സരത്തിലെ തെറ്റായ നോ-ബോള്‍ തീരുമാനത്തിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഔദ്യോഗികമായി പരാതി നല്‍കി. 17ആം ഓവറിന്റെ ആദ്യ പന്ത് അമ്പയര്‍ നോ-ബോള്‍ വിളിച്ചതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. അമ്പയറുടെ തീരുമാനം വേഗത്തിലായിരുന്നുവെന്നും, അവലോകനം ചെയ്തപ്പോള്‍ ഇത് തെറ്റാണെന്നു കണ്ടെത്തിയതായും ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇതു മത്സരഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണാകമായെന്നും ടീം പരാതിപ്പെട്ടു.
നോ-ബോള്‍ തീരുമാനം അവലോകനം ചെയ്യേണ്ട മൂന്ന് അമ്പയര്‍മാരും ഇത് അവഗണിച്ചതും ഒരു വലിയ പിഴവായി കാണുന്നു. മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ആയിരുന്നു ഈ തീരുമാനം ഉണ്ടായത്. ഇതിലൂടെ മല്‌സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുമായിരുന്ന ഒരു കാച്ച് നഷ്ടപ്പെട്ടെന്നും, അത് മല്‌സരഫലം തങ്ങള്‍ക്ക് എതിരാക്കിയെന്നും കൊച്ചിന്‍ ബ്ലൂ ടൈഗേഴ്‌സ് പറയുന്നു.
ഈ സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായ അവലോകനം നടത്തുകയും, വേണ്ട നടപടി സ്വീകരിക്കുകയും വേണമെന്നും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കളിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ടീം ഉടമ സുഭാഷ് ജോര്‍ജ് മനുവല്‍ പറഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച അമ്പയറിങ് ഉറപ്പാക്കുക എന്നത് പ്രധാനമാണ്. കെസിഎയിലെ അമ്പയറിംഗ് സംഘത്തിന്റെ പ്രവര്‍ത്തനം പലപ്പോഴും അവസരത്തിനൊത്തുയരുന്നില്ലെന്നും സുഭാഷ് കുറ്റപ്പെടുത്തി. അമ്പയറുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന ടീമുകളെ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതായി പലപ്പോഴും തോന്നുന്നുണ്ടെന്നും സുഭാഷ് പറഞ്ഞു. ഇത്തരം പ്രവണതകള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അനുവദിക്കാനാവില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുംവരെ ഇത്തരത്തിലുള്ള പരാതികള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും സമാനമായ നോ-ബോള്‍ വിവാദങ്ങളും തെറ്റായ റണ്‍-ഔട്ട് തീരുമാനങ്ങളും കൊച്ചിക്കെതിരായ മത്സരങ്ങളില്‍ സംഭവിച്ചിട്ടുണ്ട്.
No Comment.