അപകീർത്തി കേസ് മാത്രമായി മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് പൊലീസ് റിപ്പോർട്ട്; കേസിൽ വിധി പറയുന്നത് എറണാകുളം മജിസ്ട്രേറ്റ് കോടതി ഈ മാസം 27-ലേക്ക് മാറ്റി.
കൊച്ചി: നടി ലക്ഷ്മിപ്രിയക്കും ‘അമ്മ’ (AMMA) മുൻ പ്രസിഡന്റ് ശ്വേത മേനോനുമെതിരെ നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ നേരിട്ട് എഫ്.ഐ.ആർ ഇട്ട് കേസെടുത്ത് അന്വേഷിക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ക്രിമിനൽ അപകീർത്തി കേസായി (Defamation Case) മാത്രമേ വിഷയത്തെ നിയമപരമായി പരിഗണിക്കാൻ സാധിക്കൂ എന്നാണ് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
എറണാകുളം മജിസ്ട്രേറ്റ് കോടതി പരിഗണിച്ച കേസിൽ അന്തിമ വിധി പറയുന്നത് ഈ മാസം 27-ലേക്ക് മാറ്റിയിരിക്കുകയാണ്.
താരസംഘടനയായ ‘അമ്മ’യുടെ പൊതുയോഗത്തിന് പിന്നാലെ ഉയർന്ന തർക്കങ്ങളും രാജിയുമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. യോജനയോഗത്തിന് ശേഷം ഭരണസമിതിയിൽ ഉണ്ടായ ഭിന്നതകളും വ്യക്തിവൈരാഗ്യവും മൂലമാണ് തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടന്നതെന്നാണ് അൻസിബയുടെ ആരോപണം.
ഒരു ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ തനിക്കെതിരെ വസ്തുകാവിരുദ്ധവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന് അൻസിബ പരാതിയിൽ പറയുന്നു.
ഗൂഢാലോചന ആരോപണം:
നടി ശ്വേത മേനോനും ലക്ഷ്മിപ്രിയയും ചേർന്ന് തിരുവനന്തപുരത്തെ ഒരു പി.ആർ ഏജൻസിയുടെ സഹായത്തോടെ സോഷ്യൽ മീഡിയ വഴി തന്നെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും അൻസിബ ആരോപിച്ചിരുന്നു.
സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന തരത്തിലും പൊതുസമൂഹത്തിൽ തന്റെ അന്തസിന് കോട്ടം വരുത്തുന്ന തരത്തിലുമാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചത്.”അൻസിബ ഹസ്സൻ (പാലാരിവട്ടം പൊലീസിന് നൽകിയ പരാതിയിൽ)
പൊലീസിന്റെ നിലപാടും കോടതി നടപടിയും
പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അൻസിബ പരാതി നൽകിയിരുന്നത്. എന്നാൽ, ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ കേവലം അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരുന്നതായതിനാൽ പൊലീസിന് നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ തടസ്സമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.
തുടർന്ന് കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തുകയും, വിശദമായ വാദങ്ങൾക്കും പരിശോധനകൾക്കും ശേഷം എറണാകുളം മജിസ്ട്രേറ്റ് കോടതി കേസ് വിധി പറയാനായി ജൂലൈ 27-ലേക്ക് മാറ്റിവെക്കുകയും ചെയ്തു.