ചെർപ്പുളശ്ശേരി. ബസ്റ്റാൻഡ് വിവാദവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾക്കിടയിൽ പുതിയ വ്യാപാരി സംഘടന രൂപീകരിക്കാൻ ഒരുങ്ങുകയാണ് പട്ടാമ്പി റോഡിലെ ഒരു സംഘം വ്യാപാരികൾ എന്ന് അറിയുന്നു. നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡും ട്രാഫിക് പരിഷ്കരണവും അപര്യാപ്തമാണെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും നഗരസഭ അത്ചെ വിക്കൊണ്ടില്ല എന്ന് വ്യാപാരികൾ പറഞ്ഞിരുന്നു. പിന്നീട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാക്കളും പട്ടാമ്പി റോഡിലെ വ്യാപാരികളും തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചു നഗരസഭയിൽ എത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്ന് പിരിഞ്ഞു പോരുകയും ചെയ്തു. എന്നാൽ പിന്നെയും യാതൊരു നടപടിയും നഗരസഭ എടുത്തില്ല എന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിക്കുകയും ചെയ്തു. സമരത്തിന്റെ തലേദിവസം നഗരസഭ വിളിച്ചു ചേർത്ത യോഗത്തിൽ വ്യാപാരികൾ പങ്കെടുക്കുകയും സമരം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ നേതാക്കൾ പങ്കെടുത്ത പ്രസ്തുത യോഗത്തിൽ എന്ത് തീരുമാനമെടുത്തു എന്നത് പറഞ്ഞില്ലെന്നാണ് ഒരു സംഘം വ്യാപാരികൾ കുറ്റപ്പെടുത്തുന്നത്

പുതിയ ബസ്റ്റാൻഡ് മാറിയത് മൂലം കടയിൽ ആളുകൾ വരുന്നില്ലെന്നും പലർക്കും വ്യാപാരങ്ങൾ നടക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. ഇതിന് പരിഹാരം കാണേണ്ട വ്യാപാരി നേതാക്കളോ നഗരസഭ അധികൃതരോ ഉരുണ്ട് കളിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ സംഘടന രൂപീകരിക്കുന്നത് എന്നുമാണ് വ്യാപാരികളുടെ പക്ഷം. ഏതായാലും വരും ദിവസങ്ങളിൽ യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുമെന്നും തങ്ങൾ പുതിയ സംഘടന രൂപീകരിക്കുമെന്നും ഒരു സംഘം വ്യാപാരികൾ പറഞ്ഞു.