കൊച്ചി. സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സിനിമയുടെ അണിയറപ്രവര്‍ത്തകരോ ലൊക്കേഷന്‍ സന്ദര്‍ശിക്കുന്നവരോ അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കരുതെന്നും അസോസിയേഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ചോരുന്നത് സിനിമയുടെ സസ്പെന്‍സിനെയും താരങ്ങളുടെ ലുക്കിനെയും ദോഷകരമായി ബാധിക്കുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം.ഇതിന്റെ ഭാഗമായി ഷൂട്ടിംഗ് സെറ്റുകളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണവും ഏര്‍പ്പെടുത്തി.ചിത്രീകരണ സ്ഥലങ്ങളില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും ഒഴികെയുള്ളവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് ഇതുമൂലം നിയന്ത്രണം ഉണ്ടായിരിക്കും.അതിനൊപ്പം, ഷൂട്ടിംഗ് സെറ്റുകളിലേക്ക് അനുമതിയില്ലാതെ യൂട്യൂബര്‍മാര്‍ക്കോ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കോ പ്രവേശനം ഉണ്ടായിരിക്കില്ല.
അടുത്ത കാലത്തായി പല ചിത്രങ്ങളുടെയും ക്ലൈമാക്‌സ് രംഗങ്ങളും പ്രധാന സര്‍പ്രൈസുകളും ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നു തന്നെ ചോര്‍ന്നിരുന്നു. ആരാധകര്‍ ആവേശത്തോടെ പങ്കുവെക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ തിയേറ്ററുകളില്‍ സിനിമ സൃഷ്ടിക്കേണ്ട ഇംപാക്ട് ഇല്ലാതാക്കുന്നു എന്നാണ് നിര്‍മ്മാതാക്കളുടെ പരാതി. ഇനിമുതല്‍ ചിത്രീകരണ വേളയില്‍ പിആര്‍ഒമാര്‍ ഔദ്യോഗികമായി പുറത്തുവിടുന്ന ചിത്രങ്ങളും വീഡിയോകളും മാത്രമേ പ്രചരിപ്പിക്കാന്‍ അനുവാദമുള്ളൂ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത സാമ്പത്തിക പിഴയടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് അസോസിയേഷന്റെ തീരുമാനം.