പാലക്കാട്. സംസ്ഥാന സര്‍ക്കാരിന്റെ ‘പ്രിയദര്‍ശിനി’ സൗജന്യ കെഎസ്ആര്‍ടിസി ബസ് യാത്ര പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകുന്ന ടൗണ്‍ ടു ടൗണ്‍ ബസില്‍ പട്ടാമ്പിയിലേക്കുള്ള യാത്രക്കാരി ശാന്തി പാട്ടത്തിലിന് ആദ്യ ടിക്കറ്റ് നല്‍കി ജില്ലാതല ഉദ്ഘാടനം വി കെ ശ്രീകണ്ഠന്‍ എം പി നിര്‍വഹിച്ചു.
തൊഴില്‍ എടുക്കാന്‍ സന്നദ്ധരായ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം പദ്ധതി നടപ്പാക്കിയതിലൂടെ മെച്ചപ്പെടുമെന്ന് എം പി പറഞ്ഞു. സംസ്ഥാനത്ത് 3125 ബസ്സുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുന്നത്. പാലക്കാട് 117 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ ടൗണ്‍ ബസുകള്‍ മുതല്‍ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ഓര്‍ഡിനറി ബസ്സുകളും ഉള്‍പ്പെടും. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഓര്‍ഡിനറി സര്‍വീസുകളില്‍ സൗജന്യ യാത്ര ലഭ്യമാകും. വരുമാനപരിധിയോ സാമൂഹിക പദവിയോ ഉള്‍പ്പെടെ യാതൊരു മാനദണ്ഡവും ബാധകമല്ല. പ്രത്യേക രജിസ്ട്രേഷനോ രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറില്‍ നിന്ന് ‘സീറോ ടിക്കറ്റ്’ കൈപ്പറ്റിയാല്‍ മതിയാകും.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടിയില്‍ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ പി.എസ് മഹേഷ് അധ്യക്ഷനായി. ഡിപ്പോ എഞ്ചിനീയര്‍ റെജി മോന്‍, ഡി ടി ഒ ജോഷി ജോണ്‍, ടി.സന്തോഷ് കുമാര്‍, ടി.വി രമേശ് കുമാര്‍ എന്നിവരും പങ്കെടുത്തു.