ചെർപ്പുളശ്ശേരി.ഭക്തജനങ്ങൾക്ക് ആവേശമായി ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ പുത്തനാൽ (പുതിയ ആൽമരം ) പ്രതിഷ്ഠിച്ചു. ഭഗവതിക്കാവുകളിൽ ഏറെ പ്രചാരത്തിൽ ഉള്ളതും വള്ളുവനാടിന്റെ കലാപൈതൃകം വിളിച്ചോതുന്നതുമായ ഭഗവതി കാവാണ് പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം. ആലിൻ ചുവട്ടിൽ വാഴുന്ന തിരുമാന്ധാംകുന്ന് ഭഗവതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭഗവതിക്കെന്നും വെയിലും മഴയും കൊള്ളണമെന്നാണ്ശാസ്ത്രം . എന്നാൽ കാലപ്പഴക്കം ചെന്ന അരയാൽ ജീർണിച്ച് നിലംപൊത്തി. ക്ഷേത്രത്തിൽ പ്രശ്നം വെച്ച് പരിഹാര ക്രിയകൾ ആരാഞ്ഞു. ജീർണിച്ച ആലിന് പകരം പുത്തനാല്‍ നട്ടുപിടിപ്പിച്ച് ദേവിക്ക് ഐശ്വര്യവും സമൃദ്ധിയും നൽകിക്കൊണ്ട് നാടിനെ സംരക്ഷിക്കണമെന്ന് പ്രശ്നവശാൽ തെളിഞ്ഞു
അതിന്റെ ഭാഗമായി പുത്തനാല്‍ ഇന്ന് രാവിലെ ക്ഷേത്രത്തിൽ സ്ഥാപിച്ചു. പരിസ്ഥിതി പ്രവർത്തകനും അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ അമരക്കാരനുമായ രാജേഷ് അടയ്ക്കാപുത്തൂരിന്റെ നേതൃത്വത്തിൽ നാലുവർഷം പ്രായമായ അരയാലാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചത്. നൂറുകണക്കിന് ഭക്തജനങ്ങൾ പുത്തനാലിന്റെ പ്രതിഷ്ഠയിൽ പങ്കെടുത്തു.ഇനി പുതിയ ആൽമരം ദേവിക്ക് മുത്തു കുട ചൂടി സംരക്ഷണമേകും..
No Comment.