anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കില്ല; ഭൂമി പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി*

മുനമ്പം നിവാസികളെ യാതൊരു കാരണവശാലും കുടിയൊഴിപ്പിക്കില്ലെന്നും അവർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ വഖഫ് ബോർഡ്, ഭരണമൊഴിയുന്നതിന് തൊട്ടുമുൻപായി മുനമ്പത്തെ ഭൂമി വഖഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് പുതിയ സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കാനാണ്. ഈ വിഷയത്തിൽ വേഗത്തിൽ പരിഹാരം കണ്ടെത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഈ നടപടി കാരണം കാലതാമസം നേരിടും. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. ഇക്കാര്യം പരിശോധിച്ച് നിയമപരമായി നേരിടാനാണ് സർക്കാരിന്റെ തീരുമാനം. മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ ഭൂമിക്ക് നികുതി അടയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉടൻ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിനെ കുറിച്ചുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഔദ്യോഗിക ചുമതല അവസാനിക്കുന്നതാണെന്നും തുടർന്ന് മറ്റ് ഭരണപദവികളിലേക്ക് ഉദ്യോഗസ്ഥർ നിയമിക്കപ്പെടുന്നത് സാധാരണ നടപടിക്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.രത്തൻ ഖേൽക്കർക്കെതിരെ ഒരു രാഷ്ട്രീയ പാർട്ടിയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. മുൻ സർക്കാർ ശുപാർശ ചെയ്ത പാനലിൽ നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിച്ചത്. മുൻ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന നളിനി നെറ്റോ പിന്നീട് ആഭ്യന്തര വകുപ്പ്, ചീഫ് സെക്രട്ടറി പദവി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച കാര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇത്തരത്തിലുള്ള നിയമനങ്ങൾ ഭരണ സംവിധാനത്തിൽ സാധാരണമാണെന്നും പറഞ്ഞു.
പശ്ചിമ ബംഗാളിലെ സാഹചര്യവുമായി കേരളത്തെ താരതമ്യം ചെയ്യാനാവില്ല. ബംഗാളിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നപ്പോൾ, കേരളത്തിൽ അത്തരത്തിലുള്ള ഒരു പരാതിയും രത്തൻ ഖേൽക്കർക്കെതിരെ ഉണ്ടായിട്ടില്ല. അദ്ദേഹത്തിനെതിരെ വ്യക്തിപരമായും മറ്റ് ആരോപണങ്ങൾ ഒന്നുമില്ല. മുൻപ് ജി എസ് ടി കമ്മീഷണർ കൂടിയായിരുന്ന രത്തൻ ഖേൽക്കറുടെ സേവനം ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന തനിക്ക് വളരെ പ്രയോജനകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാര്യത്തുകാവ് മലയിടംതുരുത്തിലെ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ട തീരുമാനത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പകരം ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. കേസ് നൽകിയ വ്യക്തിയുമായും കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുമായും സർക്കാർ സംസാരിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചു. മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇതിൽ അടിയന്തര നടപടികൾ സ്വീകരിച്ചു. ഈ വിഷയത്തിൽ നിയമപരമായ രീതിയിൽ ഇടപെട്ട് സാവകാശം വാങ്ങാൻ കഴിയുമോ എന്നതുൾപ്പടെ പരിശോധിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പാരിസ്ഥിതിക പ്രശ്നങ്ങളെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. മത്സ്യത്തൊഴിലാളികൾക്കുണ്ടായ വലിയ നഷ്ടങ്ങൾ പരിഹരിക്കുന്നതിനായി മുൻ സർക്കാർ നൽകിയ ഹർജികൾ പരിശോധിച്ച്, ആവശ്യമെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തന്റെ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയിരം രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയത്. കൂടെ നാലു പേരും ഒരു ഗൺമാനും മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റ് ഭക്തർക്ക് ദർശനത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആലപ്പുഴയിൽ കെ.എസ്.യു പ്രവർത്തകരെ പോലീസ് മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കും. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട 36 കുറ്റപത്രങ്ങളിൽ ഉടൻ തന്നെ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബിപിസിഎൽ ലാഭവിഹിതം കൈമാറി
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സംസ്ഥാന സർക്കാരിനുള്ള ലാഭവിഹിതം കൈമാറി. 141 കോടി രൂപയുടെ ലാഭവിഹിതം മുഖ്യമന്ത്രി വി ഡി സതീശൻ, വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു.

Spread the News

Leave a Comment