ഹോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണി പിക്ചേഴ്സ്–എംജിഎം ലൈവ്-ആക്ഷൻ ഫാന്റസി ചിത്രം ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ ഔദ്യോഗിക മലയാളം പതിപ്പിൽ നായക കഥാപാത്രമായ ‘ഹീ-മാന്’ ശബ്ദം നൽകി മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ. എംജിഎം, സോണി പിക്ച്ചേഴ്സ് പോലുള്ള ഹോളിവുഡ് സ്റ്റുഡിയോസുമായി സഹകരിക്കുന്ന ആദ്യ മലയാള നടൻ കൂടിയാണ് ഉണ്ണിമുകുന്ദൻ. കോമിക്സുകളിലൂടെയും ടെലിവിഷൻ സ്ക്രീനുകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം പകരാൻ കഴിഞ്ഞത് തന്റെ ജീവിതം പൂർണമാക്കിയ നിമിഷമാണെന്ന് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ വ്യക്തമാക്കി. തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയെയും പോലെ തനിക്കും ഹീ-മാൻ വെറുമൊരു കാർട്ടൂൺ കഥാപാത്രമായിരുന്നില്ലെന്നും അജയ്യമായ കരുത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ ഓർത്തെടുത്തു.
ഡബ്ബിങ് വേളയിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ കണ്ടപ്പോൾ താൻ തികച്ചും വികാരാധീനനായെന്നും ഒരു അഭിനേതാവാണെന്ന കാര്യം പോലും മറന്ന് ഹീ-മാന്റെ മാന്ത്രിക പ്രപഞ്ചത്തിൽ അലിഞ്ഞുചേർന്ന ആ പഴയ കൊച്ചുകുട്ടിയായി മാറിയെന്നും താരം വെളിപ്പെടുത്തി. കുട്ടിക്കാലത്ത് ആരാധനയോടെ ആവർത്തിച്ചു പറഞ്ഞിരുന്ന “By the Power of Grayskull… I Have The Power!” (എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ) എന്ന വിഖ്യാതമായ വരികൾ ഡബ്ബിങ് തിയേറ്ററിൽ ഉച്ചരിച്ച നിമിഷം വാക്കുകൾക്ക് അപ്പുറത്തുള്ള അനുഭൂതിയായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
‘‘സിനിമയുടെ വെള്ളിത്തിരകളിലും കോമിക്സിന്റെ താളുകളിലും ടെലിവിഷൻ സ്ക്രീനുകളിലും വിസ്മയം തീർത്ത, ലോകം കണ്ട ഏറ്റവും ജനപ്രിയനായ ആ ഇതിഹാസ നായകന് തന്റെ ശബ്ദം പകർന്നപ്പോൾ തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയെയും പോലെ, തനിക്കും ഹീ-മാൻ വെറുമൊരു കാർട്ടൂൺ കഥാപാത്രമായിരുന്നില്ല; മറിച്ച്, അജയ്യമായ കരുത്തിന്റെയും അചഞ്ചലമായ ധീരതയുടെയും നീതിബോധത്തിന്റെയും യഥാർത്ഥ പൗരുഷത്തിന്റെയും പ്രതീകമായിരുന്നു. സിനിമയെന്ന മായാലോകത്തിലേക്ക് ഉണ്ണിയെ ആദ്യമായി ആകർഷിച്ചത് കുട്ടിക്കാലത്ത് കണ്ട ഇത്തരം അമാനുഷിക നായകന്മാരായിരുന്നു. കാലം കടന്നുപോയപ്പോൾ അവർ വെറും ‘കഥാപാത്രങ്ങൾ’ അല്ലാതായി മാറി. തന്റെ കുട്ടിക്കാലത്തിന്റെ, ഭാവനയുടെ, ആത്മാവിന്റെ തന്നെ ഒരു അവിഭാജ്യ ഘടകമായി അവർ രൂപപ്പെടുകയായിരുന്നു.
ഹീ-മാന്റെ ഔദ്യോഗിക ശബ്ദമാകാൻ കഴിഞ്ഞതിൽ താൻ അങ്ങേയറ്റം അനുഗ്രഹീതനാണെന്നും വൈകാരികമായി ഏറെ സന്തോഷത്തിലാണ് താനെന്നും ഉണ്ണി വ്യക്തമാക്കി. താൻ ഒരു സ്റ്റുഡിയോയിൽ നിൽക്കുന്ന അഭിനേതാവാണെന്ന കാര്യം പോലും പലപ്പോഴും മറന്നുപോയി. വിടർന്ന കണ്ണുകളോടെ, വികാരഭരിതനായി, ഹീ-മാന്റെ ആ മാന്ത്രിക പ്രപഞ്ചത്തിൽ അലിഞ്ഞുചേർന്ന ആ പഴയ കൊച്ചുകുട്ടിയായി വീണ്ടും മാറി.
“ഹീ മാന്റെ” മലയാളം പതിപ്പ് അതിന്റെ പൂർണ്ണമായ കരുത്തിലും ഗൃഹാതുരത്വത്തിലുമാണ് ഒരുക്കിയിരിക്കുന്നത്; കേരളത്തിലെ ഓരോ ഹീ-മാൻ ആരാധകന്റെയും ഹൃദയത്തിൽ ഇത് ആഴത്തിൽ പതിയും.
തലമുറകൾ നെഞ്ചിലേറ്റിയ ഇത്രയും പ്രിയപ്പെട്ട ഒരു കഥാപാത്രത്തെ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിനും, ഇത് ഇവിടെ സാധ്യമാക്കിയതിനും സോണി പിക്ചേഴ്സിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താനും ഉണ്ണി മുകുന്ദൻ മറന്നില്ല. കൂടാതെ രുദ്രയിലെ ശേഖർജി, ഉദയ് ബ്രോ, ഗായത്രി എന്നിവരോടും കടപ്പെട്ടിരിക്കുന്നതായി താരം വ്യക്തമാക്കി.