anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് ബസ് ടെർമിനൽ മേയ് പത്തിനകം പ്രവർത്തന സജ്ജമാവും

പാലക്കാട്: പാലക്കാട്ടെ തിരക്കേറിയ ബസ്റ്റാൻ്റായ സ്റ്റേഡിയം സ്റ്റാൻഡിലെ ടെർമിനൽ മേയ് പത്തിനകം പ്രവർത്തനസജ്ജമാക്കാനൊരുങ്ങി നഗരസഭ. ഇതിനായുള്ള അവസാനഘട്ടപണികൾ ഉടൻ പൂർത്തിയാക്കും. നഗരസഭയുടെ അമൃത് പദ്ധതിയിലുൾപ്പെടുത്തി 1.5 കോടി രൂപ ചെലവിലാണ് ടെർമിനൽ നിർമിക്കുന്നത്. 2018-ൽ നിർമാണം തുടങ്ങിയെങ്കിലും പല ഘട്ടങ്ങളിലായി സാങ്കേതിക തടസ്സങ്ങളുണ്ടായി. ഇതോടെ നിർമാണം നീണ്ടു പോവുകയായിരുന്നു.

വാളയാർ, ചിറ്റൂർ, തൃശ്ശൂർ, നെന്മാറ തുടങ്ങിയ വിവിധയിടങ്ങളിലേക്കുള്ള യാത്രക്കരെല്ലാം ആശ്രയിക്കുന്ന സ്റ്റാൻഡാണിത്. ടെർമിനൽ വരുന്നതോടെ സ്റ്റാൻഡിൽ നിലവിലുള്ള സ്ഥലപരിമിതിക്ക് വലിയ ആശ്വാസമാവും. ബസുകൾ നിർത്തിയിടുന്നത് പുനഃക്രമീകരിക്കാനാവും. സ്റ്റാൻഡിൽ ബസുകൾ കയറുന്നയിടത്തും ബസുകൾ നിർത്തിയിടാനും നിലവിൽ ബസുകൾ പുറത്തേക്ക് പോകുന്നിടത്ത് ബസ് നിർത്തുന്നത് ഒഴിവാക്കാനുമാവും. ഈ ഭാഗം സ്റ്റേഡിയം സ്റ്റാൻഡിനെയും കൽപ്പാത്തിയെയും കൽമണ്ഡപത്തെയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡാണ്. എന്നാൽ, പാതയുടെ പണി പൂർത്തിയാവാത്തതിനാൽ സ്റ്റേഡിയം സ്റ്റാൻഡിന്റെ ഭാഗമായി ഉപയോഗിക്കുകയാണ്. പുതിയ ടെർമിനൽ വരുന്നതോടെ ബസുകൾ നിർത്തുന്നത് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് മാറ്റാനാവും.

നിലവിൽ ബസുകൾ പുറത്തിറങ്ങുന്ന വഴി സ്റ്റേഡിയം ബൈപ്പാസ് ജങ്ഷനിലേക്കായതിനാൽ എപ്പോഴും ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. സുൽത്താൻപേട്ട, ഐ.എം.എ. ജങ്ഷൻ, കൽമണ്ഡപം എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ജങ്ഷനായതിനാൽ ഇവിടെ വാഹനങ്ങൾ കൂടുതലാണ്. അതിനാൽ തിരക്ക് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

മേയ് പത്തിനകം ടെർമിനൽ പ്രവർത്തനസജ്ജമാക്കാനാണ് പദ്ധതിയെന്ന് പാലക്കാട് നഗരസഭാ ചെയർമാൻ പി. സ്‌മിതേഷ് പറഞ്ഞു. ശൗചാലയമുൾപ്പെടെയുള്ളവയുടെ പണി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the News

Leave a Comment