മലപ്പുറം
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച പ്രവർത്തകരേയും അനുഭാവികളേയും സിപിഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അഭിവാദ്യം ചെയ്തു. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് എൽഡിഎഫിന് വോട്ട് രേഖപ്പെടുത്തിയ എല്ലാ ജനാധിപത്യ വിശ്വാസികളേയും സെക്രട്ടേറിയേറ്റ് നന്ദി അറിയിച്ചു. ജില്ലയിൽ ഇത്തവണ എൽഡിഎഫ് തിളക്കമാർന്ന വിജയം കൈവരിക്കും. കഴിഞ്ഞ തവണ വിജയിച്ച മണ്ഡലങ്ങൾക്ക് പുറമെ കൂടുതൽ ഇടങ്ങളിൽ ഇക്കുറി ചെങ്കൊടി പാറിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് ശക്തമായ പോരാട്ടമാണ് നേരിട്ടത്. യുഡിഎഫിന്റെ ഉറച്ച കോട്ടകളായി കരുതപ്പെട്ടിരുന്ന മണ്ഡലങ്ങളിൽ പോലും ഇടതുപക്ഷം വലിയ മുന്നേറ്റം സൃഷ്ടിച്ചു. ഇത് തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും.
തെരഞ്ഞെടുപ്പ് കാലയളവിൽ ഉടനീളം മതസമുദായ ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് നേടാനാണ് യുഡിഎഫ് ശ്രമിച്ചത്. ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത പ്രവർത്തനങ്ങളാണ് പലഘട്ടങ്ങളിലും അവരുടെ ഭാഗത്തുനിന്നുണ്ടായത്. വർഗീയ വികാരം ഇളക്കിവിടാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളെ സമചിത്തതയോടെയാണ് താഴെത്തലം മുതൽ എൽഡിഎഫ് നേരിട്ടത്. യുഡിഎഫിന്റെ കുത്സിത നീക്കങ്ങൾക്ക് എതിരെ ശക്‌തമായ ജനകീയ ബദൽ ഉയർത്താൻ ഇടതുപക്ഷത്തിന് സാധിച്ചു. ജില്ലയുടെ മഹത്തായ മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളിലേക്ക് വികസനവും രാഷ്ട്രീയവും എത്തിക്കാൻ കഴിഞ്ഞു. എൽഡിഎഫിന്റെ ജനകീയ അടിത്തറ ഭദ്രമാണെന്ന് ഉറപ്പിക്കുന്നതാവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.