അനുഗ്രഹ, ന്യൂസ് ഡസ്ക് : ഇറാനിലെ വൈദ്യുതി നിലയങ്ങളിലേക്കുള്ള ആക്രമണ ഭീഷണി താൽക്കാലികമായി നിർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെ, യുദ്ധത്തിൽ നിന്ന് അദ്ദേഹത്തി ന് പിന്മാറാനാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. യുദ്ധം പ്രസിഡന്റിന്റെ ഇഷ്ടാനുസരണം നിയന്ത്രിക്കാനാവില്ലെന്നതാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസങ്ങളിലുടനീളം പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തിയ ട്രംപ്, തിങ്കളാഴ്ച സംഘർഷം കുറയ്ക്കാനുള്ള സൂചന നൽകി. ഇറാനുമായി 15 വിഷയങ്ങളിൽ ധാരണയായെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും, ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് തെഹ്‌റാൻ നിഷേധിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാനിലെ വൈദ്യുതി നിലയങ്ങളെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ നിർണായക സൗകര്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാമെന്ന ആശങ്ക ശക്തമാണ്.
എന്നാൽ, ട്രംപിന്റെ അനിശ്ചിതവും വിരുദ്ധവുമായ നിലപാടുകൾ അമേരിക്കയുടെ വിശ്വാസ്യതയെ ബാധിക്കുന്നതായി വിലയിരുത്തുന്നു. സ്വയം പ്രഖ്യാപിച്ച ഇടവേള പോലും അദ്ദേഹം ലംഘിച്ചേക്കാമെന്ന സംശയം നിലനിൽക്കുന്നു.
വിപണിയിലെ അസ്ഥിരത കുറയ്ക്കാനായുള്ള നീക്കമായിരിക്കാം ആക്രമണ വിരാമമെന്നുമാണ് ചിലരുടെ വിലയിരുത്തൽ. ഓഹരി വിപണിയിലെ ഇടിവും എണ്ണവിലയിലെ വർധനവും പശ്ചാത്തലത്തിലാണ് ഈ നീക്കം.
അതേസമയം, സൈനികമായി കൂടുതൽ ശക്തമായ നടപടികൾക്ക് അമേരിക്ക ഇപ്പോഴും പൂർണ്ണമായി തയ്യാറായിട്ടില്ലെന്ന സൂചനകളും ഉണ്ട്.
ഇറാൻ വലിയ സൈനിക നഷ്ടങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്ക് അടച്ചതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ ഇറാൻ അംഗീകരിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ.
യുദ്ധം ശക്തിപ്പെടുത്തുകയോ ഭൂസേനയെ വിന്യസിക്കുകയോ ചെയ്താലും ഫലപ്രാപ്തി ഉറപ്പില്ല. മറുവശത്ത്, “വിജയം” പ്രഖ്യാപിച്ച് പിന്മാറുന്നത് ഗൾഫ് മേഖലയിലെ അമേരിക്കൻ കൂട്ടാളികളെ അപകടത്തിലാക്കും.
ഇതിനാൽ, ഇറാൻ പ്രശ്നത്തിൽ ട്രംപിന്റെ മുന്നിലുള്ള വഴികൾ എല്ലാം തന്നെ പ്രതിസന്ധിപൂർണമായതായി വിദഗ്ധർ വിലയിരുത്തുന്നു.
-എ എം യാസർ