മുണ്ടക്കോട്ടുകുറുശ്ശി പ്രണവം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ 18-ാം വാർഷികാഘോഷവും സംസ്ഥാന തല കലാഭവൻ മണി സ്മൃതി പുരസ്കാര സമർപ്പണവും മെയ് 25 ന് മുണ്ടക്കോട്ടു കുറുശ്ശി സിറ്റിയിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ദേവസ്വം – പട്ടികജാതി വകുപ്പുമന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും. പി മമ്മിക്കുട്ടി എം എൽ എ മുഖ്യാതിഥിയായി പങ്കെടുക്കും. കലാഭവൻ മണി പ്രധാനമായും പ്രതിനിധീകരിച്ചിരുന്ന അഭിനയം, നാടൻപാട്ട്, പിന്നണിഗാനം, മിമിക്രി, ജീവകാരുണ്യ പ്രവർത്തനം എന്നീ മേഖലകളിലാണ് അവാർഡ് നൽകുന്നത്. മികച്ച നടനായി ജാഫർ ഇടുക്കി, ഗോത്രവർഗ്ഗ സംഗീതവും നാടൻ പാട്ടും ജനയീകമാക്കിയ നഞ്ചിയമ്മ, പിന്നണി ഗായകനായി ജാസി ഗിഫ്റ്റ്, മിമിക്രി രംഗത്തെ അതുല്ല്യ പ്രതിഭ മഹേഷ് കുഞ്ഞുമോൻ, ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് ഹംസ എന്നിവർക്കാണ് പുരസ്കാരം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള സിനിമയിൽ ചിത്ര സംയോജന രംഗത്ത് പ്രവർത്തിക്കുന്ന മുണ്ടക്കോട്ടുകുറുശ്ശി സ്വദേശിയായ പി സി മോഹനനെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കൽ മെഗാ ഇവൻ്റും അരങ്ങേറും. മെയ് 24 ന് ഗ്രാമോത്സവം എന്ന പേരിൽ തദ്ദേശീയ കലാപ്രകടനങ്ങളും ഉണ്ടാവും. വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് പി സതീഷ്, ട്രഷറർ എ ആർ രവിചന്ദ്രൻ,ഭരണ സമിതി അംഗം ടി പി കണ്ണൻ എന്നിവർ പങ്കെടുത്തു.
No Comment.