anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൃശ്ശൂര്‍ പൂരം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

2026 ലെ തൃശ്ശൂര്‍ പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല പൂരം അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല യോഗം വിളിച്ചുചേര്‍ത്തത്. തൃശ്ശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ 20 ന് നടക്കുന്ന പൂരം കൊടിയേറ്റം മുതല്‍ ഏപ്രില്‍ 27 നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയല്‍ വരെ കുറ്റമറ്റ രീതിയില്‍ പൂരം നടത്താന്‍ എല്ലാ വകുപ്പുകളുടെ സഹകരണം നിര്‍ബന്ധമാണെന്നും കളക്ടര്‍ പറഞ്ഞു.

പൂരം നഗരിയില്‍ പോലീസ്, ആരോഗ്യവകുപ്പ്, അഗ്നി രക്ഷാസേന, ഡി.ഇ.ഒ.സി തുടങ്ങിയ വകുപ്പുകളുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കണം. പൂര നഗരിയിലെ പന്തലുകളുടെയും കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. പൂരം ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തണം. സുരക്ഷയ്ക്ക് ആവശ്യമായ ബാരിക്കേഡുകള്‍ ഒരുക്കണം. പൂരത്തിനെത്തുന്ന ആനകള്‍ നില്‍ക്കുന്ന സ്ഥലവും സഞ്ചരിക്കുന്ന റോഡുകളും കൃത്യമായ ഇടവേളകളില്‍ വെള്ളം ഒഴിച്ച് നനച്ചു കൊടുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് നിയോഗിക്കുന്ന വോളണ്ടിയര്‍മാരുടെ ലിസ്റ്റ് മുന്‍കൂട്ടി നല്‍കണം. തേക്കിന്‍കാട് മൈതാനിയിലും പൂരം എഴുന്നള്ളിപ്പുകള്‍ വരുന്ന വഴികളിലും സുരക്ഷ ഉറപ്പാക്കണം. ആംബുലന്‍സ് സ്ട്രക്ച്ചറുകള്‍ മെഡിക്കല്‍ സംഘം എന്നിവ സജ്ജീകരിക്കണം. പൂരം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം, ഇ-ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉറപ്പുവരുത്തണം. ആനകളുടെ ഫിറ്റ്‌നസ് പരിശോധനകള്‍ കൃത്യതയോടെ നടപ്പിലാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, എ.ഡി.എം ആര്‍. മനോജ്, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the News

Leave a Comment