anugrahavision.com

മുക്കുപണ്ട പണയ മാഫിയകൾ സജീവം, പെട്ടുപോകുന്നത് സ്വകാര്യബാങ്കിലെ ജീവനക്കാർ

ചെർപ്പുളശ്ശേരി. മുക്കു പണ്ടങ്ങൾ പണയം വെച്ച് ലക്ഷങ്ങൾ തട്ടുന്ന സംഘം ചെർപ്പുളശ്ശേരി മേഖലകളിൽ സജീവമാകുന്നതായി സൂചന. ഇത്തരത്തിൽ നിരവധി പേരാണ് ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ബാങ്കുകളിൽ പണ്ടങ്ങൾ പണയം വെച്ച് പണം തട്ടിയിട്ടുള്ളത്. എന്നാൽ പല സ്വകാര്യ ബാങ്കുകളും നാണക്കേട് ഓർത്ത് പോലീസിൽ പരാതിപ്പെട്ടിട്ടില്ല. പകരം ജീവനക്കാരിൽ നിന്നും പണം തിരിച്ചുപിടിക്കുന്നത് ആയാണ് അറിവ്.
മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച സ്വർണ്ണം മാറ്റി ചെർപ്പുളശ്ശേരിയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച ശേഷം ലക്ഷങ്ങൾ കൈക്കലാക്കി ഒരാൾ രക്ഷപ്പെടുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വെച്ച സ്വർണം മുക്കുപ്പണ്ടമാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ ധനകാര്യ സ്ഥാപനത്തിന്റെ മാനേജ്മെന്റ് ആകട്ടെ ഈ സമയത്ത് കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരിയോട് തുക തിരിച്ചടക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ജീവനക്കാരി പണയം വെച്ച ആളെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് മറുപടിയാണ് കിട്ടിയത്. ഇത്തരത്തിൽ ചെറുപ്പുളശ്ശേരി പെരിന്തൽമണ്ണ ഭാഗങ്ങളിൽ ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം. പല ബാങ്കുകളിലും അപ്രൈസർ ഇല്ലാത്തതും സ്വർണ്ണം തിരിച്ചറിയാൻ കഴിയാത്ത ജീവനക്കാർ ഉള്ളതും മനസ്സിലാക്കിയ വിരുതന്മാരാണ് ഇത്തരത്തിൽ സ്വർണ്ണം പണയപ്പെടുത്തി പണവുമായി മുങ്ങുന്നത്. സ്ഥാപനത്തിന്റെ പേര് പുറത്തറിയും എന്നതിനാൽ പലരും പോലീസിൽ പരാതിപ്പെടുന്നില്ല എന്നതും സത്യമാണ്. അതിനാൽ ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായാൽ പോലീസിൽ അറിയിച്ച് പ്രതികളെ കണ്ടുപിടിക്കണം എന്നാണ് ജീവനക്കാർ അടക്കം പറയുന്നത്.

Spread the News
0 Comments

No Comment.