വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവർഷ ബിരുദ പരിപാടിയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ കോളേജുകളിൽ ഈ വർഷം മുതൽ നടപ്പിലാക്കുന്ന നാലുവർഷ ബിരുദം സംബന്ധിച്ച് പൊതുജനങ്ങൾക്കും പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും അവബോധം നൽകാനായി സംഘടിപ്പിച്ച ഓറിയന്റേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
പ്രവർത്യുന്മുഖ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു. താൽപര്യമുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന തരത്തിലാണ് നാലുവർഷ ബിരുദ പരിപാടി തയ്യാറാക്കിയിരിക്കുന്നത്.
തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിന് നാലുവർഷ ബിരുദ പരിപാടി ഏറെ സഹായകരമാകും. അതിനായി നൈപുണ്യവികസനം പ്രത്യേക അജണ്ടയായി മാറ്റിയിട്ടുണ്ട് . നൈപുണ്യവികസനത്തിന് ക്രെഡിറ്റ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. കലാലയങ്ങളിൽ നൈപുണി വികസന സെന്ററുകൾ ഇതോടൊപ്പം ആരംഭിക്കുമെന്നും സംവാദാത്മകമായ ക്ലാസ്സ് മുറികൾ ഉണ്ടാകണമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
No Comment.