anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കേരളത്തെ നൈപുണ്യ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം. നൈപുണ്യ വികസനത്തിന്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐ.ടി.ഐയിലെ അഡ്മിനിസ്്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും യുവതലമുറയുടെ വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാണ്. കേവലം കെട്ടിടങ്ങൾ പണിയുക മാത്രമല്ല ലക്ഷ്യം. ആധുനിക കാലത്തെ തൊഴിൽ വിപണിക്ക് അനുയോജ്യമായ കോഴ്സുകൾ പുതിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി നടപ്പിലാക്കി വരികയാണ്. വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കാൻ മികച്ച പ്ലേസ്മെന്റ് സെല്ലുകളും ഐ.ടി.ഐകളിൽ സജീവമാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഐ.ടി.ഐ എന്ന പെരുമയുള്ള കഴക്കൂട്ടം ഐടിഐ അക്കാദമിക് രംഗത്ത് എന്നും മുൻപന്തിയിലാണ്. കഴിഞ്ഞ അധ്യയന വർഷം ദേശീയ തലത്തിൽ ഏഴാം റാങ്കും സംസ്ഥാന തലത്തിൽ ഒൻപത് റാങ്കുകളും നേടിയ മിടുക്കികളായ വിദ്യാർത്ഥിനികളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടം ഐ.ടി.ഐയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 12 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ആദ്യ ഘട്ടമായി 4 കോടി രൂപ ചിലവിൽ നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. എം.എൽ.എ ഫണ്ടിൽ നിന്നും ഓഡിറ്റോറിയം, റെയിൻ വാട്ടർ ഹാർവെസ്റ്റിങ് പ്ലാന്റ് തുടങ്ങിയവയുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, പ്രിൻസിപ്പൽ ഷെറിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment