സോളാര്‍ വൈദ്യുതോത്പാദനം വര്‍ധിപ്പിച്ച് തൃത്താലയെ ആദ്യ സമ്പൂര്‍ണ സോളാര്‍ മണ്ഡലമാക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം തൃത്താല നിയോജകമണ്ഡലത്തില്‍ 2021-22 വര്‍ഷം മുതല്‍ ഭവന നിര്‍മാണാനുകൂല്യം ലഭിച്ച് പൂര്‍ത്തീകരിച്ചതും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലിരിക്കുന്നതുമായ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും തൃത്താല മണ്ഡലത്തെ സമ്പൂര്‍ണ സോളാര്‍ മണ്ഡലമാക്കുന്നതിന്റെ ഭാഗമായുള്ള പുരപ്പുറ സൗരോര്‍ജ പദ്ധതിയായ ഹരിത വരുമാന പദ്ധതിയുടെ രജിസ്ട്രേഷന്‍ ക്യാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലൈഫ് ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യതയില്ലാതെ വീടുകളില്‍ പുരപ്പുറ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിലൂടെ വീടുകളിലെ വൈദ്യുത ചാര്‍ജ് ലാഭിക്കുന്നതിനോടൊപ്പം അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിന് നല്‍കി വരുമാനമുണ്ടാക്കാനും സാധിക്കും. ഇതിലൂടെ തൃത്താല മാതൃക സൃഷ്ടിക്കാനാകും. ഉപഭോക്താക്കളില്‍നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് കെ.എസ്.ഇ.ബിയും അനര്‍ട്ടും പരിശോധിച്ച് സോളാര്‍ സ്ഥാപിക്കാവുന്ന അനുയോജ്യമായ വീടുകള്‍ കണ്ടെത്തും. രാജ്യം ശ്രദ്ധിക്കുന്ന ഒരു മാതൃക തൃത്താലയില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പദ്ധതി വിജയകരമായാല്‍ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃത്താലയില്‍ 2600 ഓളം കിലോവാട്ട് വൈദ്യുതി നിലവില്‍ സോളാറിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. അടുത്ത ഒരു വര്‍ഷത്തില്‍ പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വിപുലീകരിക്കും. ആയിരത്തോളം വീടുകളില്‍ നിന്ന് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൃത്താലയില്‍ മാത്രം 2024 ലൈഫ് വീടുകള്‍ ഇതുവരെ പൂര്‍ത്തിയാക്കി. 80.96 കോടിയാണ് മണ്ഡലത്തില്‍ ലൈഫ് പദ്ധതിക്കായി നല്‍കിയത്. 17,104 കോടിയില്‍ 3,83,536 വീടുകളാണ് സംസ്ഥാനത്താകെ പൂര്‍ത്തിയാക്കിയത്. ഇതില്‍ 86 ശതമാനവും സംസ്ഥാനത്തിന്റെ തനത് ഫണ്ടില്‍ ഉള്‍പ്പെടുന്നു. അടുത്ത രണ്ട് വര്‍ഷത്തില്‍ ലിസ്റ്റിലുള്‍പ്പെട്ട ആറ് ലക്ഷം പേര്‍ക്ക് കൂടി വീട് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂറ്റനാട് കെ.എം. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധ്യക്ഷയായി. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനര്‍ട്ട് ജില്ലാ പ്രോജക്ട് എന്‍ജിനീയര്‍ ഹരിത തൊഴില്‍ രജിസ്ട്രേഷന്‍ വിതരണം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, കപ്പൂര്‍, തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷറഫുദ്ദീന്‍ കളത്തില്‍, ടി. സുഹറ, വി.വി. ബാലചന്ദ്രന്‍, പി.കെ. ജയ, ജില്ലാ പഞ്ചായത്തംഗം ഷാനിബ, പട്ടാമ്പി, തൃത്താല ബി.ഡി.ഒമാരായ കെ.പി സുഭദ്ര, കെ.എസ് മഞ്ജുഷ, വി.കെ ചന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No Comment.