കൊച്ചി. അന്തരിച്ച ബൈബിൾ ഫെയ്ത്ത് മിഷൻ ആർച്ച് ബിഷപ്പ് റവ. ഡോ. മോസസ് സ്വാമിദാസ് സി എസ് ഐ സഭയോട് ഏറെ അടുപ്പം സൂക്ഷിച്ച മഹത് വ്യക്തിയായിരുന്നു. സി എസ് ഐ സഭകളിലെ സഭാ ദിനങ്ങളിലും ആഘോഷ പരിപാടികളിലും പലയിടങ്ങളിലും റവ. ഡോ. മോസസ് സ്വാമിദാസ് ബൈബിൾ ഫെയ്ത്ത് മിഷൻ ബിഷപ്പായിരിക്കവെ ഉദ്ഘാടകനായും മുഖ്യ പ്രഭാഷകനായും പങ്കെടുത്തിട്ടുണ്ട്. സി എസ് ഐ മോഡറേറ്റർ ആയിരുന്ന റവ ഡോ ധർമ്മരാജ് റസാലത്തിനോട് വളരെ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു.
ധർമ്മരാജ് റസാലം കുളത്തൂർ സി എസ് ഐ സഭ വൈദികനായിരിക്കവെയാണ് ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ ഘട്ടത്തിൽ കുളത്തൂർ സഭാ വിശ്വാസികൾ ഇതര മത സ്ഥാപനങ്ങളെയും ജന പ്രധിനിധികളെയും പങ്കെടുപ്പിച്ച് കുളത്തൂരിൽ ധർമ്മരാജ് റസാലത്തിന് നൽകിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തത് ബൈബിൾ ഫെയ്ത്ത് മിഷൻ കേരള ഘടകം ബിഷപ്പ് റവ ഡോ മോസസ് സ്വാമിദാസ് ആയിരുന്നു. ധർമ്മരാജ് റസ്സാലത്തെ സി എസ് ഐ ദക്ഷിണ കേരളം മഹായിടവക ബിഷപ്പായി 2011 ൽ തെരെഞ്ഞെടുത്തപ്പോഴും കുളത്തൂർ ഉച്ചക്കടയിൽ പൗരാവലി വൻ സമ്മേളനം സംഘടിപ്പിച്ച് ധർമ്മരാജ് റസ്സാലത്തെ അനുമോദിച്ചിരുന്നു.
മന്ത്രിമാർ അടക്കം ജന പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുത്തതും റവ ഡോ മോസസ് സ്വാമിദാസ് ആയിരുന്നു. ഇതര ക്രൈസ്തവ വിഭാഗങ്ങളോട് വളരെ സൗഹൃദം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. രാഷട്രീയ – മത – പൊതു മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളോടും അടുപ്പം പുലർത്തിയിരുന്നു.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് അടക്കമുള്ള പല അഭിഭാഷക പ്രമുഖരുമായും വളരെ വലിയ വ്യക്തി ബന്ധവും ബിഷപ്പ് മോസസ് സ്വാമിദാസ് സൂക്ഷിച്ചിരുന്നു.