പാലക്കാട്: ഇന്ത്യൻ സിനിമാരംഗത്തെ വിസ്മയ ദൃശ്യകലാകാരനായ ഋത്വിക്ക് ഘട്ടക്കിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പരിച്ഛേദമായ നാലു പ്രധാന ചിത്രങ്ങളുടെ പ്രദർശനത്തോടെ നാലു ദിവസത്തെ ചലച്ചിത്രമേള ഒക്ടോബർ 27 മുതൽ 30 വരെ പാലക്കാട് നടക്കും.
അഹല്യ ക്യാമ്പസിലെ സ്കൾപ്ചർ പാർക്ക് ഹാളിൽ ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പും അഹല്യ ഇവന്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സിനിമാപ്രേമികളും കലാസാംസ്കാരികപ്രവർത്തകരും പങ്കെടുക്കും. .
മേളയുടെ ഭാഗമായി, ഋത്വിക്ക് ഘട്ടകിന്റെ ക്ലാസിക് ചിത്രങ്ങൾ മലയാളം സബ്ടൈറ്റിലുകളോടുകൂടി പ്രദർശിപ്പിക്കും:
27 ഒക്ടോബർ: ‘അജാന്ത്രിക്’
28 ഒക്ടോബർ: ‘മേഘ ധാക്ക താരാ’
29 ഒക്ടോബർ: ‘കോമൾ ഗാന്ധർ’
30 ഒക്ടോബർ: സുവർണ്ണ രേഖ
ചിത്രപ്രദർശനം എല്ലാ ദിവസവും വൈകുന്നേരം 5.30ന് തുടങ്ങും. ഓരോ പ്രദർശനത്തിനും മുൻപായി ആ സിനിമയെക്കുറിച്ചുള്ള ആമുഖപ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. . ചലച്ചിത്ര നിരൂപകൻ നന്ദലാൽ, സാംസ്കാരികപ്രവർത്തകൻ അഡ്വ. ജോൺ ജോൺ, ചലച്ചിത്ര പ്രവർത്തകൻ മുരളീധരൻ കരിവളളൂർ, സംവിധായകൻ ഫാറൂഖ് അബ്ദുൽ റഹിമാൻ എന്നിവർ യഥാക്രമം ആമുഖപ്രഭാഷണം അവതരിപ്പിക്കും.
അഹല്യ ഹെറിറ്റേജ് വില്ലേജ് ഡയറക്ടർ ആർ.വി.കെ. വർമ്മ, അഹല്യ സ്കൂൾ ഓഫ് പാരാമെഡിക്കൽ സയൻസ് പ്രൊഫസർ അബ്‌സുൽ ബാബു , ഇവന്റ് ഓപ്പറേഷൻ മാനേജർ നീരജ്, ഇൻസൈറ്റ് ഭാരവാഹികളായ കെ.വി. വിൻസന്റ്, സി.കെ. രാമകൃഷ്ണൻ, മാണിക്കോത്ത് മാധവദേവ്, മേതിൽ കോമളൻകുട്ടി എന്നിവർ ചേർന്നാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്.
സിനിമയും സംവാദങ്ങളും ഒരുപോലെ അനുഭവിക്കുവാൻ ഈ ചലച്ചിത്രമേള ഒരപൂർവ അവസരമായിരിക്കും. പ്രവേശനം സൗജന്യമാണ്.