ചെർപ്പുളശ്ശേരി/ തൂത.. റീൽസ്, പ്രമോഷൻ പോസ്റ്റ് എന്നിവ സോഷ്യൽ മീഡിയയിൽ ഇട്ട് പ്രശസ്തി നേടുമ്പോൾ ഇതിനൊന്നുമല്ലാതെ ഒരു കാര്യത്തെ ഗൗരവമായി എടുക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത വാഴെങ്കട തെക്കേപ്പുറത്ത് കണ്ടപ്പാടി കൃഷ്ണനുണ്ണിയുടെ മകൾ ശ്രേയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. കഴിഞ്ഞദിവസം തെക്കേ പുറത്തുള്ള ഒരു 17 വയസ്സുകാരി തൂതപ്പുഴയിൽ കുളിക്കാൻ ഇറങ്ങുകയും ആ കുട്ടി ഒഴുക്കിൽപ്പെട്ട് കഷ്ടപ്പെടുകയും ചെയ്തപ്പോൾ ഒന്നും നോക്കാതെ പുഴയിലേക്ക് എടുത്തു ചാടി ആ കുട്ടിയുടെ ജീവൻ രക്ഷിച്ചു കൊണ്ടാണ് ശ്രേയ നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രശംസയ്ക്ക് പാത്രമായത്. മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജോലി ചെയ്യുകയാണ് ശ്രേയ.
തൂതപ്പുഴക്ക് തെക്കേപ്പറം അമ്പലക്കുന്ന് ഭാഗത്ത് നല്ല ഒഴുക്കാണ് മാത്രമല്ല ഇവിടെ ചുഴികളും രൂപപ്പെടാറുണ്ട്. ഇത്തരം ചുഴികളിൽ അകപ്പെട്ടു പോകുന്ന നീന്തൽ വശമുള്ള ആളുകൾ പോലും അപകടത്തിൽ പെടുക സർവ്വസാധാരണമാണ്. ഇക്കാര്യം മനസ്സിലാക്കിയാണ് ശ്രേയ കുട്ടിയെ രക്ഷിക്കാനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ കയറ്റി കൊണ്ടുവന്ന് മാതൃകയായതെന്ന് തൂത ഡ്രസ്സ് ബാങ്ക് നടത്തുന്ന നാസർ പറഞ്ഞു. പ്രദേശത്തെ യൂത്ത് വിങ് ക്ലബ്ബ്, വിവിധ സംഘടനകൾ എന്നിവർ ശ്രേയക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ വന്നതോടെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ശ്രേയക്ക് അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.
.
