ചെർപ്പുളശ്ശേരി. പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി സംഗീതോത്സവത്തിന് ഈ മാസം 22ന് തുടക്കമാകും. 22ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് സംഗീതോത്സവത്തിനു കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി തിരി തെളിയിക്കും. ചടങ്ങിൽ ഗാന രചയിതാവ് ബി കെ ഹരിനാരായണൻ അധ്യക്ഷതവഹിക്കും. രാഗ രത്നം മണ്ണൂർ രാജകുമാരനുണ്ണി, ചെർപ്പുളശ്ശേരി മുനിസിപ്പൽ ചെയർമാൻ പി രാമചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും. അന്നേദിവസം വൈകിട്ട് 6 45 ന് സാകേത് റാം കച്ചേരി അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ദക്ഷിണേന്ത്യയിലെ കർണാടക സംഗീത രംഗത്തെ യുവ പ്രതിഭകൾ കച്ചേരികൾ അവതരിപ്പിക്കും. വിജയദശമി നാളിൽ രാവിലെ കുട്ടികളെ എഴുത്തിനിരുത്തൽ ചടങ്ങും, വാഹനപൂജയും ക്ഷേത്രത്തിൽ നടക്കും. ത്യാഗരാജ പഞ്ചരത്ന കീർത്തനങ്ങളുടെ ആലാപനം നടത്തുന്നതോടെ നവരാത്രികൾ ചെർപ്പുളശ്ശേരിയുടെ മണ്ണിലേക്ക് ആവാഹിച്ച സംഗീതധാരകൾ സമാപ്തമാവും. സംഗീതോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ആഘോഷ കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.