anugrahavision.com

Onboard 1625379060760 Anu

സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച പ്രത്യേക ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്.

​മലയാള സിനിമയിൽ, ലോക സിനിമാ ഭാവനയുടെ പരീക്ഷണാത്മകതയും ഫാന്റസിയും റിയലിസ്റ്റിക് ബോധവും ഒരേപോലെ സമന്വയിപ്പിച്ച് വിജയഗാഥ രചിച്ച യുവ സംവിധായകനും തിരക്കഥാകൃത്തും സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത ചലച്ചിത്രനടനുമായ ബേസിൽ ജോസഫാണ് കല/സാംസ്കാരികം മേഖലയിൽനിന്ന് അവാർഡിനർഹനായത്.

ഇന്ത്യൻ കായിക ഭൂപടത്തിൽ കേരളത്തിൻ്റെ സംഭാവനയായി ജ്വലിച്ചുയർന്ന ആൻസി സോജനാണ്
കായികരംഗത്തു നിന്ന് അവാർഡിനർഹനായത്. ​
കേരളത്തിന്റെ അഭിമാനതാരം ഏഷ്യൻ ഗെയിംസ് വനിതാ ലോങ്ജംപിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു.
നീലച്ചടയൻ എന്ന കഥാസമഹാരത്തിലൂടെ മലയാളത്തിൻ്റ എഴുത്തരങ്ങിൽ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം. സിംഹത്തിൻ്റെ കഥ, താരാകാന്താൻ എന്നീ കൃതികളിലൂടെ മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനായ അഖിൽ മലയാള സാഹിത്യത്തിൽ പുതിയ കഥാപ്രപഞ്ചവും നോവൽ കാലവും തുറന്നിട്ടു.

​12 വർഷമായി മത്സ്യകൃഷിയിൽ നിരന്തര പരിശ്രമം നടത്തി സ്വയം വിപുലീകരിച്ചും മാതൃക കർഷകനായി മാറിയ അശ്വിൻ പരവൂരാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. 12 ഏക്കറോളം ഭൂമിയിൽ മത്സ്യകൃഷി, ജൈവകൃഷി, കർഷകർക്കായി സൗജന്യ കാർഷിക വിദ്യാഭ്യാസ പദ്ധതി, ജൈവവളം – ജൈവ കീടനാശിനി എന്നിവ പ്രോത്സാഹിപ്പിക്കാനായി സ്വന്തമായി വ്യാപാരശൃംഖല എന്നിവ അശ്വിൻ നടപ്പിലാക്കി വരുന്നു. തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാം ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് അശ്വിൻ നടത്തുന്ന മൽസ്യ – ക്ഷീര കൃഷിയും പ്രകൃതി ഭംഗിയും സംയോജിക്കുന്ന ‘അക്വാഹെവൻ’ എന്ന സ്ഥാപനം.

വ്യവസായം/സംരഭകത്വം മേഖലയിൽ
കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാർഡിനർഹയായി. കേരളത്തിൽ ലോകോത്തര നിലവാരമുള്ള സർജിക്കൽ ഉപകരണങ്ങൾ ഉല്പാദിപ്പിക്കുന്ന നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചതോടെയാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രികൾ ഉപയോഗിക്കുന്ന സർജിക്കൽ ഉൽപ്പനങ്ങൾ ഉല്പാദിപ്പിക്കുന്ന സ്ഥാപനമാണ് പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സജീഷ് കെ.വിയുടെ കെ വി സർജിക്കൽ ഇൻസ്ട്രമെന്റ്സ് ആൻഡ് റിസേർച്ച് സെന്റർ.

സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുക്കപ്പെട്ടു.
സൈബർ സുരക്ഷാ മേഖലയിൽ ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡ് നേടിയ ടെക് ബൈ ഹാർട്ടിന്റെ ചെയർമാനാണ് ശ്രീനാഥ് ഗോപിനാഥൻ. ടെക് ബൈ ഹാർട്ടിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ
സുരക്ഷയുടെ അനിവാര്യത ബോധ്യപ്പെടുത്തുന്നതിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച ‘കേരള ഹാക്ക് റൺ’ യാത്രക്ക് ശ്രീനാഥ് ഗോപിനാഥനാണ് നേതൃത്വം നൽകിയത്. കോവിഡ് കാലത്ത് ആദ്യമായി ഓൺലൈൻ കലോത്സവം എന്ന ആശയം കൊണ്ടുവന്നതും നേതൃത്വം നൽകിയതും ശ്രീനാഥായിരുന്നു. സൈബർ സെക്യൂരിറ്റി പഠനത്തിന് നിരവധി വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും സാമൂഹിക സേവന മേഖലയിൽ കൈത്താങ് പോലുള്ള കാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു.

Spread the News
0 Comments

No Comment.