anugrahavision.com

നാലുവര്‍ഷ ബി.എഡ് കോഴ്‌സുകള്‍ക്കുള്ള നടപടി ആരംഭിക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു*

നാലുവര്‍ഷ ബി.എഡ് കോഴ്‌സുകള്‍ക്കായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. നാലുവര്‍ഷ ബിരുദത്തിന്റെ നടത്തിപ്പിനോടൊപ്പം തന്നെ ഏറ്റെടുക്കുന്ന ഉത്തരവാദിത്തമാണ് നാലുവര്‍ഷ ബി.എഡ് കോഴ്‌സുകള്‍. യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ അത്തരത്തിലുള്ള പരിവര്‍ത്തനം നടത്തുന്നതിന് ചര്‍ച്ചകള്‍ നടത്തി നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൊടുവായൂര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നടന്നിട്ടുള്ളത്. കെട്ടിടങ്ങളും മറ്റു വികസന പ്രവര്‍ത്തനങ്ങളും യൂണിവേഴ്‌സിറ്റി സെന്ററില്‍ നടക്കുന്നുണ്ട്. അന്തര്‍ദേശീയ ഹോസ്റ്റല്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നടക്കാനിരിക്കുകയാണ്.
കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി മാറ്റാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ 42 കോളെജുകള്‍ എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ആദ്യ 200 സ്ഥാനങ്ങളില്‍ എത്തി. അതിനര്‍ത്ഥം ഇന്ത്യയിലെ 21 ശതമാനം മികച്ച കലാലയങ്ങള്‍ കേരളത്തിലാണുള്ളതെന്നാണ്. നാക് അക്രഡിറ്റേഷനില്‍ എ ഡബിള്‍ പ്ലസും എ പ്ലസും എ ഗ്രേഡും നേടിയ 80 ഓളം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. 1500 ഓളം കോടി രൂപ കിഫ്ബിയിലൂടെ വിവിധ കലാലയങ്ങളിലും സര്‍വകലാശാലകളിലും അടിസ്ഥാന സൗകര്യ വിപുലീകരണ രംഗത്ത് ഉപയോഗിക്കാന്‍ സാധിച്ചു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മാതൃകയില്‍ ചരിത്രത്തില്‍ ആദ്യമായി പുതിയ കരിക്കുലം ഫ്രെയിം വര്‍ക്ക് തയ്യാറാക്കി. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകമായിട്ടുള്ള കഴിവുകള്‍ വികസിക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നവരായി സര്‍വകലാശാല അധികാരികളും അധ്യാപകരുമെല്ലാം മാറണം.
നൈപുണ്യ വികസനത്തിന് വ്യാപകമായി പ്ലാറ്റ്‌ഫോമുകള്‍ തുറന്നിട്ടുകൊണ്ട് ക്യാമ്പസില്‍ തന്നെ ഇന്‍ഡസ്ട്രിയല്‍ അക്കാഡമിയ ഇന്റര്‍ഫേസ് ശക്തിപ്പെടുത്തി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിച്ചു കൊണ്ടുള്ള മാറ്റങ്ങളിലേക്കാണ് ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. എം.കെ ജയരാജ് അധ്യക്ഷനായ പരിപാടിയില്‍ കെ. ബാബു എം.എല്‍.എ മുഖ്യാതിഥിയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരന്‍, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ ജയന്‍ പാടശേരി, ഡി.യു.എസ്.സി ഡയറക്ടര്‍ ഡോ. എ. യൂസഫ്, പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. എം. നാസര്‍, രജിസ്ട്രാര്‍ പ്രൊഫ. ഡോ. ഇ.കെ സതീഷ്, കൊടുവായൂര്‍ സി.യു.ടി.ഇ.സി പ്രിന്‍സിപ്പാള്‍ ഡോ. എ. സണ്ണി രാജ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Spread the News
0 Comments

No Comment.