anugrahavision.com

Onboard 1625379060760 Anu

ബ്രിട്ടീഷ് കൗണ്‍സില്‍ സ്ത്രീകള്‍ക്കായുള്ള സ്റ്റെം സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിച്ചു

കൊച്ചി: യു.കെയിലെ വിദ്യാഭ്യാസ അവസരങ്ങള്‍ക്കും സാംസ്‌കാരിക ബന്ധങ്ങള്‍ക്കുമുള്ള അന്താരാഷ്ട്ര സംഘടനയായ ബ്രിട്ടീഷ് കൗണ്‍സില്‍, യുകെ സര്‍വകലാശാലകളുമായി സഹകരിച്ച്, സ്റ്റെം പ്രോഗ്രാമില്‍ സ്ത്രീകള്‍ക്കായി ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. യുകെയില്‍ ബിരുദാനന്തര ബിരുദം നേടാനാഗ്രഹിക്കുന്ന വനിതാ ബിരുദധാരികള്‍ക്കായി രൂപകല്‍പ്പന ചെയ്ത സ്‌കോളര്‍ഷിപ്പാണിത്.
25 സ്‌കോളര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ നിന്നും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റെം സ്‌കോളര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്നു. ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി, ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റി, ദി സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റി, കവെന്‍ട്രി യൂണിവേഴ്‌സിറ്റി എന്നിങ്ങനെ അഞ്ച് യുകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാകും. സ്‌കോളര്‍ഷിപ്പുകള്‍ ഗുണഭോക്താക്കള്‍ക്ക് സ്റ്റെമ്മില്‍ അവരുടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനും യുകെയിലെ പ്രശസ്തമായ സ്റ്റെം ഫീല്‍ഡുകളുടെ വൈദഗ്ധ്യത്തില്‍ മുഴുകി അവരുടെ മാതൃരാജ്യത്ത് ഗവേഷണവും നവീകരണവും നടത്താനുള്ള അവസരം ലഭ്യമാകും. ഗവേഷണത്തില്‍ യുകെ നിലവില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്.
ട്യൂഷന്‍ ഫീസ്, സ്‌റ്റൈപ്പന്‍ഡ്, യാത്രാ ചെലവുകള്‍, വിസ, ആരോഗ്യ പരിരക്ഷാ ഫീസ്, ഇംഗ്ലീഷ് ഭാഷാ പിന്തുണ എന്നിവ സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടും. ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, എഞ്ചിനീയറിംഗ് മാനേജ്‌മെന്റ്, സിവില്‍ എഞ്ചിനീയറിംഗ് മാനേജ്‌മെന്റ്, ഇന്റലിജന്റ് ഹെല്‍ത്ത് കെയര്‍, ആക്ച്വറിയല്‍ സയന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ കഴിയും.
സ്റ്റെം ഫീല്‍ഡുകളിലെ സ്ത്രീകളുടെ സാന്നിധ്യം വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കാനും നവീകരണത്തിലേക്ക് നയിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് 2023 അനുസരിച്ച്, ഇന്ത്യയിലെ സ്റ്റെം തൊഴില്‍ശക്തിയില്‍ 27% സ്ത്രീകളാണ്. ഇന്ത്യയിലെ സ്റ്റെം ബിരുദധാരികളില്‍ 43% സ്ത്രീകളാണെന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് താരതമ്യേന വളരെ കുറവാണ്.
2020 മുതല്‍, 300 ലധികം സ്‌കോളര്‍ഷിപ്പുകള്‍ ഇതിനോടകം നല്‍കി. 2023-24 ആഗോള കൂട്ടായ്മകളില്‍, 92 സ്‌കോളര്‍മാര്‍ അവരുടെ തിരഞ്ഞെടുത്ത കോഴ്‌സുകളില്‍ എന്റോള്‍ ചെയ്തു. ഇതുവരെ, 52 ഇന്ത്യന്‍ വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും യുകെയില്‍ ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. ഈ സ്‌കോളര്‍ഷിപ്പുകളിലൂടെ, ആഗോളവല്‍കൃത ലോകത്ത് സ്ത്രീകള്‍ക്ക് വിജയിക്കാനും സ്റ്റെം ഫീല്‍ഡുകളില്‍ ആഗോള യോഗ്യത നേടാനും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത ബ്രിട്ടീഷ് കൗണ്‍സില്‍ നിലനിര്‍ത്തുന്നു.
അപേക്ഷാ സമയപരിധി സാധാരണയായി 2024 മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണെങ്കിലും സര്‍വ്വകലാശാലകളെ ആശ്രയിച്ച് ഓരോന്നും വ്യത്യാസപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്കും യോഗ്യതയെ സംബന്ധിച്ച് കൂടുതല്‍ അറിയാനും സര്‍വകലാശാലകളെ കുറിച്ചും കൊഴ്‌സുകളെക്കുറിച്ചും അപേക്ഷ തീയതി സംബന്ധിച്ചും അറിയാനും സന്ദര്‍ശിക്കുക: https://www.britishcouncil.in/study-uk/scholarships/womeninstem-scholarships

Spread the News
0 Comments

No Comment.