തിരുവനന്തപുരം, ജൂലൈ 22, 2026: സ്കൂളുകളിലെ കെഫോൺ ഇന്റർനെറ്റ് സേവനവുമായി ബന്ധപ്പെട്ട സേവനച്ചെലവ് നിലവിലെ സർക്കാർ പുതുതായി ഏർപ്പെടുത്തിയ സാമ്പത്തിക ബാധ്യതയല്ല. കെഫോൺ പദ്ധതി ആരംഭിച്ചതുമുതൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സേവനച്ചെലവ് വഹിക്കേണ്ടതായാണ് നിലവിലുള്ള വ്യവസ്ഥകളിൽ വ്യക്തമാക്കിയിട്ടുള്ളത്.
2024-ൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (E&IT) വകുപ്പ് പുറത്തിറക്കിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെഫോൺ ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തുകയും അതിനുള്ള സേവനച്ചെലവ് വഹിക്കുകയും ചെയ്യേണ്ടതാണെന്ന് നിർദേശിച്ചിരുന്നു. ഈ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കെഫോൺ കണക്ഷനുകൾ ലഭ്യമാക്കുകയും സേവനച്ചെലവുമായി ബന്ധപ്പെട്ട ഡിമാൻഡ് നോട്ടുകൾ നൽകുകയും ചെയ്തുവരുന്നത്.
എന്നാൽ, വിവിധ സ്ഥാപനങ്ങളിൽ നിന്ന് സേവനച്ചെലവ് കൃത്യസമയത്ത് ലഭിക്കാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കുടിശ്ശിക തുക ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നിലവിലുള്ള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് സേവനച്ചെലവ് സമയബന്ധിതമായി അടയ്ക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ഭരണപരമായ നിർദേശം നൽകിയത്.
അതിനാൽ, ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന നിർദേശം സ്കൂളുകൾക്ക് പുതിയ സാമ്പത്തിക ബാധ്യത ഏർപ്പെടുത്തുന്നതോ പുതിയ നയപരമായ തീരുമാനമോ അല്ല. നിലവിലുള്ള സർക്കാർ ഉത്തരവും വ്യവസ്ഥകളും പാലിക്കുന്നതിന് വേണ്ടിയുള്ള ഒരു ഭരണപരമായ ഓർമ്മപ്പെടുത്തൽ മാത്രമാണിത്. കെഫോൺ സേവനം തടസ്സമില്ലാതെ തുടരുന്നതിനും കുടിശ്ശിക ഒഴിവാക്കുന്നതിനുമായി സേവനച്ചെലവ് സമയബന്ധിതമായി അടയ്ക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ നിർദേശത്തിന്റെ ഉദ്ദേശ്യം.