anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം“ സംഗീത് പ്രതാപും അന്നാ ബെന്നും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം വിവേക്

പനോരമ സ്റ്റുഡിയോസിന്റെ പുതിയ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4, ഇന്ന് കൊച്ചിയിലെ സ്റ്റുഡിയോയിൽ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുന്ന ചിത്രം ‘അതിരൻ’, ‘ദി ടീച്ചർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ വിവേക് ആണ് സംവിധാനം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം, ദൃശ്യഭംഗിയും ദുരൂഹതയും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ കഥയിലൂടെ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും.IMG 20260701 WA0112

സംഗീത് പ്രതാപ്, അന്നാ ബെൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്ന ബെൻ തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. സംഗീത് പ്രതാപും തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് പ്രൊഡക്ഷൻ നമ്പർ 3യിൽ അവതരിപ്പിക്കുന്നത്.IMG 20260701 WA0116

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രവിശങ്കർ ആണ് ഒരുക്കുന്നത്. സംവിധായകൻ വിവേകിനൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. രവിശങ്കർ രചിച്ച ‘പെണ്ണും പൊറോട്ടും’ എന്ന ചിത്രം 2025-ലെ IFFI, IFFK ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടുകയും ചെയ്തിരുന്നു.

സാങ്കേതിക രംഗത്തും മികച്ച പ്രതിഭകളാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. കലാസംവിധായകൻ എം. ബാവ തന്റെ കരിയറിലെ 120- മത് ഫീച്ചർ ഫിലിം ഈ ചിത്രത്തിലൂടെയാണ് പൂർത്തിയാക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചെറിൻ പോൾ ഈ ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ ഛായാഗ്രാഹകനാകുന്നു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മെൽവിൻ ജോയ് വസ്ത്രാലങ്കാരവും അമൽ കുമാർ മേക്കപ്പും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കുന്നത് ഡോൺ വിൻസെന്റ് ആണ്. സംഗീത സംവിധാനത്തിൽ പ്രമുഖ ഇൻഡിപെൻഡന്റ് സംഗീതജ്ഞരും ചിത്രത്തിൽ പങ്കുചേരും. ‘എക്കോ’ എന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫറായ ശ്രാവൺ സത്യയാണ് ഈ ചിത്രത്തിന്റെയും ആക്ഷൻ ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ് ആണ്.

പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പ്രൊഡക്ഷൻ നമ്പർ 4, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുമ്പോൾ റാം മിർചന്ദാനി, രാജേഷ് മേനോൻ എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാതാക്കളും അഭിനവ് മെഹ്രോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ മാസം പകുതിയോടെ ആരംഭിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പേര് ഉൾപ്പെടെ മറ്റ് അഭിനേതാക്കളെയും മറ്റു പ്രധാന സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പി ആർ: പ്രതീഷ് ശേഖർ.

Spread the News

Leave a Comment