ഗുരുവായൂർ. മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ചു. ഗൃഹോപകരണ സ്ഥാപനമായ നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ഇന്നു രാവിലെ ഉച്ചപൂജയ്ക്ക് മുൻപായിരുന്നു ചടങ്ങ്.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് എക്സ് എം എൽ എ, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി.എ എം.രാധ, ഗോപു നന്തിലത്തിൻ്റെ പത്നി ഷൈനി ഗോപു എന്നിവർ സന്നിഹിതരായി. ക്ഷേത്രം സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണ കിരീടം ചാർത്തിയായിരുന്നു ഗുരുവായൂരപ്പന് ഇന്ന് ഉച്ചപൂജ.201 ഗ്രാം 370 മില്ലിഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരിടത്തിന് 30 ലക്ഷം രൂപയോളം വില വരും. ശ്രീ ഗുരുവായൂരപ്പ ഭക്തനായ ഗോപു നന്തിലത്ത് നേരത്തെ ഗുരുവായൂരപ്പന് 3 ആനകളെ സമർപ്പിച്ചിട്ടുണ്ട്.