പാലക്കാട്. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാകണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള ജില്ലയില്‍ കാലാവസ്ഥ വ്യതിയാനം പോലുള്ള പ്രശ്‌നങ്ങള്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രകൃതി സംരക്ഷണത്തിന് അതീവപ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണ്. വിദ്യാര്‍ഥികളുടെ ഓരോ വാക്കും പ്രവൃത്തിയും പ്രകൃതിക്ക് താങ്ങും തണലുമാകാന്‍ ശ്രദ്ധിക്കണം. ലഹരി പോലുള്ള സാമൂഹിക വിപത്തുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രകൃതിപരിപാലനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
വനം വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘പ്രകൃതിയില്‍ നിന്ന് പ്രചോദനം – കാലാവസ്ഥയ്ക്ക് വേണ്ടി നമ്മുടെ ഭാവിക്കു വേണ്ടി’ എന്നാണ് ഈ വര്‍ഷത്തെ പ്രമേയം. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ പരിസരത്ത് മന്ത്രി വൃക്ഷതൈകള്‍ നട്ടു.
ഫോറസ്ട്രി ക്ലബ വിദ്യാര്‍ഥികള്‍ക്കായുള്ള ‘ഗ്രീന്‍ ബയിങ്'(green buying) പദ്ധതി ഉദ്ഘാടനവും നിര്‍വഹിച്ചു. വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ തുണി സഞ്ചികളുടെ വിതരണോദ്ഘാടനവും കരിമ്പ സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു വിന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും മന്ത്രി നിര്‍വഹിച്ചു.
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീലത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് യൂസഫ് പാലയ്ക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന ജോയ്, ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ബിനോയ് എന്‍ ജോണ്‍, ജി എച്ച് എസ് പ്രധാന അധ്യാപകന്‍ എം ജമീര്‍, പി ടി എ പ്രസിഡന്റ് കെ. പി രാധാകൃഷ്ണന്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സുമു സ്‌കറിയ, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി ജിനേഷ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*പാലക്കാട്*