anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രഥമ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നു …കണ്ണൂരിൽ നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് ആസ്റ്റർ മെഡ്‌സിറ്റിയുടെ ഹെലിപ്പാഡിൽ പറന്നിറങ്ങി

കൊച്ചി: വൈദ്യശാസ്ത്ര മികവിനും മാനുഷികമൂല്യങ്ങളുടെ ആഴത്തിനും അതിരുകളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിൽ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കണ്ണൂരിൽ നിന്ന് എയർ ആംബുലൻസിൽ എത്തിച്ച ഹൃദയം, ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെലിപ്പാഡിൽ നേരിട്ടെത്തുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ഹൃദയം ഓപ്പറേഷൻ തിയേറ്ററിലെത്തിക്കുകയും ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. മലപ്പുറം സ്വദേശിയായ 48കാരനിൽ മിടിച്ചുതുടങ്ങുകയും ചെയ്തു.

വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ 23 വയസ്സുകാരനാണ് അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകിയത്. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് യുവാവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധരാകുകയായിരുന്നു. ഹൃദയം കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ രോഗിക്കും കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ രോഗിക്കും, വൃക്കകളിൽ ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസിലെ രോഗിക്കും രണ്ടാമത്തേത് മെഡിക്കൽ കോളേജിനുമാണ് കൈമാറിയത്.

ഹാർട്ട് ഫെയിലിയർ മൂലം അതീവ ഗുരുതരാവസ്ഥയിലാണ് സ്വീകർത്താവായ മലപ്പുറം സ്വദേശിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിച്ചത്. ഇൻറർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. രാജീവ് സിയുടെ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്ന രോഗി, ഗുരുതരമായ ഹൃദയാഘാതത്തെത്തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായ അവസ്ഥയിലായിരുന്നു. ശരീരത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് കഴിയുന്നുണ്ടായിരുന്നില്ല. രക്തസമ്മർദ്ദം നിലനിർത്താനുള്ള മരുന്നുകളുടെയും ഇൻട്രാ അയോർട്ടിക് ബലൂൺ പമ്പിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. അടിയന്തിരമായി ആൻജിയോപ്ലാസ്റ്റി നടത്തിയ ശേഷവും പലതവണ ഹൃദയമിടിപ്പ് നിലയ്ക്കുകയും ഷോക്ക് നൽകി ജീവൻ തിരികെ പിടിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തിൽ ഹൃദയം മാറ്റിവെക്കൽ മാത്രമായിരുന്നു അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്ന ഏക വഴി.

കണ്ണൂരിൽ നിന്ന് എയർ ആംബുലൻസിൽ എത്തിയ ഹൃദയം ആസ്റ്റർ മെഡ്‌സിറ്റിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ കെ. വർഗീസ്, എമർജൻസി ഫിസിഷ്യൻ ഡോ. ഭരത് സജിത്ത് എന്നിവർ ഏറ്റുവാങ്ങി. വെറും രണ്ട് മിനിറ്റിനുള്ളിൽ ഹൃദയം ഓപ്പറേഷൻ തിയേറ്ററിൽ എത്തിച്ചു. ഡോ. അനിൽ കുമാർ ആർ (ലീഡ് സീനിയർ കൺസൾട്ടന്റ്, ഇൻറർവെൻഷണൽ കാർഡിയോളജി), ഡോ. ടെൻസി ജോഷു തോമസ് (കൺസൾട്ടന്റ് & ട്രാൻസ്പ്ലാന്റ് കാർഡിയോളജിസ്റ്റ്) എന്നിവരുടെ നേതൃത്വത്തിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള കാര്യങ്ങൾ കൃത്യമായി ഏകോപിപ്പിച്ച് നടപ്പിലാക്കിയത്.

ഈ വെല്ലുവിളി വിജയകരമായി നേരിടാൻ ആസ്റ്റർ ശൃംഖലയിലെ വിവിധ ടീമുകൾ അണിനിരന്നതായി ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവിസസ് ഡോ. ദിലീപ് പണിക്കർ പറഞ്ഞു.

ആസ്റ്റർ മെഡ്‌സിറ്റിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ കൂട്ടായ പരിശ്രമമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഡോ. മനോജ് പി. നായർ (സീനിയർ കൺസൾട്ടന്റ്, കാർഡിയോ വാസ്കുലർ തൊറാസിക് സർജറി), ഡോ. രാജീവ് സി (സീനിയർ കൺസൾട്ടന്റ്, ഇൻറർവെൻഷണൽ കാർഡിയോളജി), ഡോ. ദിവാകർ ഭട്ട് (ലീഡ് കൺസൾട്ടന്റ്, സിടിവിഎസ് സർജറി), പ്രൊഫ. ഡോ. നാഗമലേഷ് യു. എം (ലീഡ് കൺസൾട്ടന്റ് – കാർഡിയോളജി & ഇൻറർവെൻഷണൽ കാർഡിയോളജി, ഹാർട്ട് ഫെയിലിയർ, ട്രാൻസ്‌പ്ലാന്റ് & എംസിഎസ് പ്രോഗ്രാം ഡയറക്ടർ), ഡോ. ഗണേഷ് കൃഷ്ണൻ അയ്യർ (ലീഡ് കൺസൾട്ടന്റ്, സിടിവിഎസ് സർജറി), ഡോ. അനിൽ കുമാർ ആർ (ലീഡ് സീനിയർ കൺസൾട്ടന്റ്, ഇൻറർവെൻഷണൽ കാർഡിയോളജി), ഡോ. ടെൻസി ജോഷു തോമസ് (കൺസൾട്ടന്റ് & ട്രാൻസ്പ്ലാന്റ് കാർഡിയോളജിസ്റ്റ്), ഡോ. സുരേഷ് ജി നായർ (സീനിയർ കൺസൾട്ടന്റ്, അനസ്തേഷ്യോളജി & ക്രിട്ടിക്കൽ കെയർ), ഡോ. അബ്രഹാം പോൾ (കൺസൾട്ടന്റ്, ഇൻറർവെൻഷണൽ കാർഡിയോളജി), എന്നിവർ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും നേതൃത്വം നൽകി.

Spread the News

Leave a Comment