പരമശിവന്‍റെ ഭാര്യ സതിയുടെ പിതാവായ ദക്ഷൻ പ്രജാപതിമാരുടെ കൂടിയാലോചന എത്തി. മുനിമാരും ദേവന്മാരും എഴുന്നേറ്റുനിന്നു ദക്ഷനെ വണങ്ങി. എന്നാൽ പരമശിവൻ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ഇതിൽ കുപിതനായ ദക്ഷൻ സദസ്സിൽ വച്ച് ശിവനെ നിന്ദിച്ചു. ദേവന്മാരോടൊപ്പം യാഗപ്രസാദം കഴിക്കുന്നതിൽ നിന്നും ദക്ഷൻ ശിവനെ വിലക്കി. ശിവൻ ദക്ഷനെ ശപിച്ചു. ഭഗവത് മഹത്വമറിയാത്ത ദക്ഷൻ ആടിന്‍റെ മുഖമായി നടക്കാൻ ഇടവരട്ടെ എന്നായിരുന്നു ശാപം.
ദക്ഷൻ തന്‍റെ ശാപമുക്തിക്കുവേണ്ടി ബൃഹസ്പതിസവമെന്ന യാഗമാരംഭിച്ചു. ലോകത്തെ മഹാത്മാക്കളെ എല്ലാവരേയും ക്ഷണിച്ചു. പത്‌നീസമേതം ദേവന്മാർ യാഗസ്ഥലത്തേക്ക് പുറപ്പെടുന്ന വിവരം ശിവപത്‌നിയായ സതിയും അറിഞ്ഞു. യാഗത്തിനു തന്നെയും കൂട്ടി പോകണമെന്ന് സതി ശിവനോട് അപേക്ഷിച്ചു. എന്നാൽ പരമശിവൻ മിണ്ടിയില്ല.
സതി ശിവന്‍റെ മനസലിയാൻ ന്യായവാദങ്ങൾ നിരത്തി. അച്ഛന്‍റെ ഗൃഹത്തിൽ മഹോത്സവമുണ്ടായാൽ ക്ഷണമില്ലാതെ പോകാം. പ്രജാപതിമാരുടെ സത്രത്തിൽ വച്ച് നിന്‍റെ അച്ഛൻ എന്നെ ആക്ഷേപിച്ചില്ലേ. അതൊന്നും ഞാൻ നിന്നോട് പറഞ്ഞിട്ടില്ല. അതിനാൽ നീ പോകരുത്. പോയാൽ നീ അപമാനിതയാകും. ദക്ഷപുത്രിയുടെ സ്ത്രീ സ്വഭാവം നിമിത്തം യാഗത്തിനു പുറപ്പെടുക തന്നെ ചെയ്തു. ശിവ പാർഷദന്മാർ അവരെ അനുഗമിച്ചു. യജ്ഞശാലയിലെത്തിയ സതിയെ ദക്ഷൻ ഗൗനിച്ചില്ല .
അച്ഛന്‍റെ അപമാനം സതി സഹിച്ചെങ്കിലും യജ്ഞത്തിലെ ഹവിർഭാഗം തന്‍റെ ഭർത്താവിനു വയ്ക്കാത്തതിനാൽ സതി കോപിച്ചു കൊണ്ടു പറഞ്ഞു; സർവാത്മാവായ ഭഗവാനോട് അച്ഛനല്ലാതെ മറ്റാരാണ് വിരോധം കാട്ടുക. അവരുടെ പാദം പോലും സ്പർശിക്കാൻ അത്തരക്കാർ അർഹരല്ല. വിശ്വ ബന്ധുവിനോടാണോ വിരോധം കാട്ടുന്നത്. അങ്ങയുടെ പുത്രിയായതിൽ ഞാൻ ലജ്ജിക്കുന്നു. അതിനാൽ ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു. ശിവനെ മനസ്സിൽ ധ്യാനിച്ച് യക്ഷന്‍റെ യാഗാഗ്‌നിയിൽ സതി സ്വശരീരം ഹോമിച്ചു. സതി ദേഹതൃാഗം ചെയ്തുവെന്നറിഞ്ഞ ശിവൻ കോപത്തോടെ തന്‍റെ ജട നിലത്തടിച്ചു.
അതിൽ നിന്നു ഉഗ്രരൂപിയായ വീരഭദ്രർ പ്രത്യക്ഷപ്പെട്ടു. ശിവനിർദ്ദേശം കേട്ടയുടൻ വീരഭദ്രർ യാഗശാലയിലെ പ്രജാപതിമാരെയും ആക്രമിച്ചു. അഗ്‌നി കെടുത്തി യജ്ഞശാല പാടേ തകർത്തു. ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. ബാവലിപ്പുഴക്കക്കരെ കൊട്ടിയൂരിലെ തിരുവൻ ചിറയിലാണത്രേ താടിചെന്നു പതിച്ചത്. അങ്ങനെ യാഗത്തിന്‍റെ സ്മരണയ്ക്കും ഭൃഗുമുനിയുടെ താടിയാണെന്ന് സങ്കൽപ്പിച്ചുമാണ് ഭക്തജനങ്ങൾ ആദരപൂർവ്വം ഓടപ്പൂക്കൾ കൊണ്ടുപോകുന്നത്.
വയനാടൻ മലനിരകളിൽ നിന്നാണ് ഓടപ്പൂവിനു വേണ്ട ഈറ്റ ശേഖരിക്കുന്നത്. ഓടപ്പൂ വിതരണം ചെയ്യാൻ ദേവസ്വത്തിന്‍റെ കീഴിലുള്ള സ്റ്റാളുകൾക്ക് പുറമെ പത്തിൽപരം കേന്ദ്രങ്ങളുണ്ട്. ഓടപ്പൂവിന്‍റെ നിർമ്മാണത്തിലുമുണ്ട് പ്രത്യേകത. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകിയെടുക്കുന്നു. വീണ്ടും വെള്ളത്തിലിട്ട് സംസ്‌ക്കരിച്ചതിനു ശേഷമാണ് പ്രസാദമാകുന്ന ഓടപ്പൂവാകുന്നത്.
ഓടപ്പൂനിർമ്മാണത്തിലൂടെ ഉത്സവകാലങ്ങളിൽ ജോലി ലഭിക്കുന്നത് ആയിരത്തിലധികം പേർക്കാണ്. ഉത്സവകാലങ്ങളിൽ വനം വകുപ്പ് നൽകുന്ന പ്രത്യേക അനുമതിയോടെയാണ് ഈറ്റ വെട്ടുന്നത്.
വൈശാഖ വേളയില്‍ കൊട്ടിയൂരിലെത്തുന്നവര്‍ക്ക് വഴിക്കിരുവശവുമായി തൂക്കിയിട്ടിരിക്കുന്ന ഓട പൂക്കള്‍ കാണാം. വെള്ള നിറത്തില്‍ മനോഹരമായി തൂക്കി ഇട്ടിരിക്കുന്ന ഇവ ആകര്‍ഷണീയതയുടെ മറ്റൊരു മുഖമാണ്. ദക്ഷയാഗം നടത്തിയ കർമ്മിയുടെ താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏകദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ. ഇത് ഭവനത്തിന് മുന്നിൽ സ്ഥാപിക്കുന്നതിലൂടെ വാസ്തു ദോഷം, ഗുളിക ദോഷം, ശനി ദോഷം, രാഹു കേതു ദോഷങ്ങൾ എന്നിവ മാറി ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നത്. വീടുകളിലും വാഹനങ്ങളിലും ഐശ്വര്യ വർദ്ധനയ്ക്കായും ഇതു തൂക്കിയിടുന്നു.