anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ കോഴിക്കോട് ഫറൂഖ് കോളേജ് സെമിയിൽ

കാസർഗോഡ് – കോഴിക്കോട് ഫറൂഖ് കോളേജ്, ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ കടന്നു. പാലക്കാട് വിടിബി കോളേജിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഫറൂഖ് കോളേജ് സെമിയിലേക്ക് മുന്നേറിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജുമായുള്ള മറ്റൊരു മത്സരത്തിലും വിടിബി കോളേജ് തോൽവി വഴങ്ങി. ഏഴ് വിക്കറ്റിനായിരുന്നു ക്രൈസ്റ്റ് കോളേജിന്റെ വിജയം. കാസ‍ർഗോഡ് കെസിഎ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്.

ക്രൈസ്റ്റ് കോളേജിനെതിരെ ആദ്യം ബാറ്റ് ചെയ്ത വിടിബി കോളേജ് 20 ഓവറിൽ 109 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 24 റൺസെടുത്ത നിതിൻ രാജാണ് ടോപ് സ്കോറർ. ക്രൈസ്റ്റ് കോളേജിന് വേണ്ടി അമിത് മൂന്നും ജോഷി, അതുൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്രൈസ്റ്റ് കോളേജ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 55 റൺസെടുത്ത ജോഷിയാണ് ക്രൈസ്റ്റ് കോളേജിന് വേണ്ടി തിളങ്ങിയത്. അമൽ 23 റൺസെടുത്തു.

രണ്ടാം മത്സരത്തിലും ബാറ്റിങ് തകർച്ച നേരിട്ട വിടിബി കോളേജ്, ഫറൂഖ് കോളേജിനെതിരെ 11.5 ഓവറിൽ 53 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഭിനന്ദിന്റെ തകർപ്പൻ ബോളിങ്ങാണ് വിടിബി കോളേജിനെ തകർത്തത്. അഭിജിത്തും ഷമ്മാസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഫറൂഖ് കോളേജ് 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 18 റൺസുമായി പുറത്താകാതെ നിന്ന ഷാനുവാണ് ഫറൂഖ് കോളേജിന് വിജയം ഒരുക്കിയത്. വിടിബി കോളേജിന് വേണ്ടി നിതിനും ശരണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Spread the News

Leave a Comment