ചെർപ്പുളശ്ശേരി. കാലഹരണപ്പെട്ട പഴയ ബസ് സ്റ്റാൻഡ് അടച്ചിട്ടതിനാൽ താറുമാരായ ഗതാഗതം പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് പുതിയ ബസ് സ്റ്റാൻഡിൽ നാളെ മുതൽ ബസ്സുകൾ കയറാം എന്ന് നഗരസഭ പറഞ്ഞിരിക്കുന്നത്. ഇതോടെ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിനു മുന്നിലെ പുതിയ ബസ് സ്റ്റാൻഡിൽ നാളെ മുതൽ യാത്രക്കാരും ബസ്സുകളും സജീവമാകും. കാടു വെട്ടി തെളിയിക്കലും ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങളും ധ്രുതഗതിയിൽ നടക്കുകയാണ്.

ഇനി ബസ്സുകൾ നിർത്തുന്നത് കാള പറമ്പിൽ
ബസ്സുകൾ നിർത്തുന്നതിന് വേണ്ടി പുത്തനാൽക്കല്‍ ഭഗവതി ക്ഷേത്രത്തിന്റെ കാള പറമ്പ് നഗരസഭ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ബസ്സിന് 50 രൂപ നിരക്കിൽ പാർക്കിംഗ് ഫീസ് കൊടുക്കണം. ഇത്തരത്തിൽ 200 ലധികം ബസ്സുകൾ ഒരു ദിവസം ഇവിടെ പാർക്ക് ചെയ്തു പോകും എന്നാണ് കണക്കുകൂട്ടൽ. നിലവിൽ പുതിയ ബസ്റ്റാൻഡ് എന്നുപറയുന്നത് അഞ്ച് ബസ്സുകൾക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കാൻ കഴിയും എന്നതിൽ അപ്പുറം യാതൊരു സൗകര്യവുമില്ല. മാത്രമല്ല ഇടുങ്ങിയ വഴിയും ഏകദേശം ഗതാഗതക്കുരുക്കിന് കാരണമായേക്കും.
സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ വിട്ട ശേഷം ബ്രഹ്മദത്തൻ റോഡ് വഴി നടന്ന് ബസ് സ്റ്റാൻഡിൽ എത്തി ബസ്സുകൾ കയറി പോകേണ്ടതാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ബ്രഹ്മദത്തൻ റോഡിലും നല്ല തിരക്ക് അനുഭവപ്പെടും. പുതിയ പരിഷ്കാരങ്ങൾ നാളെ നടപ്പാക്കിയ ശേഷം അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കും എന്നാണ് നഗരസഭ അധികൃതർ പറയുന്നത്.