anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ക്രിക്കറ്റിന് പിന്നാലെ വോളിബോളിലും കരുത്തറിയിക്കാൻ ആലപ്പി റിപ്പിൾസ്; ബിഷപ് മൂർ കോളേജ് വോളിബോൾ ടീമിനെ സ്വന്തമാക്കി

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിൽ കായികപ്രേമികളുടെ ആവേശം വാനോളമുയർത്തിയ ആലപ്പി റിപ്പിൾസ് ഇനി വോളിബോൾ കോർട്ടിലും തീപാറിക്കും. മാവേലിക്കര ബിഷപ് മൂർ കോളേജിലെ വോളിബോൾ ടീമിനെ ഔദ്യോഗികമായി ഏറ്റെടുത്തുകൊണ്ടാണ് ആലപ്പി റിപ്പിൾസ് കായിക സാന്നിധ്യം വിപുലീകരിച്ചത്. കായിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ഈ സുപ്രധാന ചുവടുവെപ്പ് ഗ്രാമീണ കായികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.

യുവാക്കൾക്ക് കായിക മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, അവരുടെ കഴിവ് പ്രകടിപ്പിക്കാൻ മികച്ച വേദിയൊരുക്കുക, കായികതാരങ്ങൾക്ക് പിന്തുണ നൽകി രാജ്യത്തിന് തന്നെ മുതൽക്കൂട്ടാകുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നിവയാണ് ഈ പുതിയ കാൽവെപ്പിലൂടെ മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. “ആലപ്പുഴയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തുപകരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ക്രിക്കറ്റിൽ ഞങ്ങൾ ആരംഭിച്ച മുന്നേറ്റം വോളിബോളിലൂടെ കൂടുതൽ ഗ്രാമീണ യുവാക്കളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും. മികച്ച പ്രതിഭകളെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകുക വഴി ഭാവിയിൽ ഇന്ത്യൻ കായിക മേഖലയ്ക്ക് അഭിമാനമാകുന്ന താരങ്ങളെ വാർത്തെടുക്കുകയാണ് ആലപ്പി റിപ്പിൾസിന്റെ പ്രഥമ പരിഗണന” – ആലപ്പി റിപ്പിൾസ് ഉടമയും സിഎസ്എസ് ഗ്രൂപ്പ് ചെയർമാനുമായ ടി. എസ്. കലാധരൻ വ്യക്തമാക്കി.

മികച്ച യുവതാരങ്ങളെയും പരിചയസമ്പന്നരായ കളിക്കാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീം രൂപീകരിച്ചിരിക്കുന്നത്. ജൂനിയർ ഇന്ത്യൻ താരമായ അക്ഷയ് പ്രകാശ്, നിലവിലെ സീനിയർ ഇന്ത്യൻ ക്യാമ്പ് താരം മുഹമ്മദ് നിഹാൽ സി. കെ., പ്രൈം വോളി താരങ്ങളായ മുഹമ്മദ് ജാസിം, അൽജോ കെ. സാബു എന്നിവരാണ് ടീമിലെ പ്രധാനികൾ. ഇവർക്കൊപ്പം നാഷണൽ യൂത്ത് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച സൂര്യനാരായണൻ, ആൽബിൻ, സഞ്ജയ്, സുജിത് എന്നിവരും ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം അംഗങ്ങളും മറ്റ് യൂണിവേഴ്സിറ്റി താരങ്ങളും ടീമിന്റെ ഭാഗമാണ്. കേരളത്തിന് പുറത്തുനിന്ന്, പ്രത്യേകിച്ച് കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച കായികതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻ കേരള സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ചും പ്രൈം വോളി പരിശീലകനുമായിരുന്ന മനോജ് എസ്. ആണ് ടീമിന്റെ പരിശീലകൻ. പരിചയസമ്പന്നനായ അദ്ദേഹത്തിന്റെ പരിശീലന മികവിൽ ടീം വലിയ നേട്ടങ്ങൾ കൊയ്യുമെന്നാണ് വിലയിരുത്തൽ. ആലപ്പി റിപ്പിൾസിന്റെ ഈ കടന്നുവരവ് ബിഷപ് മൂർ കോളേജിന്റെയും ആലപ്പുഴയുടെയും കായികരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വോളിബോൾ എന്ന കായിക ഇനത്തെ കൂടുതൽ മികച്ചതാക്കാൻ ഇത് സഹായിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജിത് മാത്യു അബ്രഹാം അഭിപ്രായപ്പെട്ടു. ഗ്രാമീണ കായിക വികസനത്തിനും യുവാക്കളുടെ ശാക്തീകരണത്തിനും ഈ കൂട്ടായ്മ വലിയ തോതിൽ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭകൾക്ക് ചിറകുനൽകുന്ന ആലപ്പി റിപ്പിൾസിന്റെ നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് കായിക കേരളം നോക്കിക്കാണുന്നത്.

Spread the News

Leave a Comment