ചെർപ്പുളശ്ശേരി. നൂറ്റിപ്പത്തുവര്‍ഷം മുമ്പുനടന്ന ഒരു കളിയരങ്ങിനെ അതിന്റെ എല്ലാ സവിശേഷതകളോടും കൂടി പുനരാവിഷ്ക്കരിക്കുന്ന നൂതനമായ ഒരു പദ്ധതിക്ക് വേദിയൊരുങ്ങുകയാണ്. കാറല്‍മണ്ണയിലെ വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റും കാനഡയിലെ മോൺട്രിയൽ ആസ്ഥാനമായുള്ള ഡാൻസ് കലാശാസ് (Danse Kalashas) എന്ന നൃത്ത സംഘവും സംയുക്തമായാണ് ഈ കഥകളി പുനരാവിഷ്കരണ (Re – enactment) പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.
1916-ല്‍ കോട്ടയത്ത് വച്ച് നടന്ന നരകാസുരവധം കഥകളി ആണ് ഈ പുനരാവിഷ്കരണത്തിനു വിഷയം. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രചിച്ച ‘നരകാസുരവധം’ ആട്ടക്കഥയ്ക്ക് കഥകളിയുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്. പ്രതിനായക കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി കത്തിവേഷപ്രധാനമായ കഥകള്‍ക്ക് കളിയരങ്ങൊരുങ്ങുന്നത് ധര്‍മ്മരാജാവെന്ന് പുകള്‍പെറ്റ കാര്‍ത്തികതിരുനാളിന്റെ കാലത്താണ്. നരകാസുരവധം ആട്ടക്കഥ ഈ നിലയില്‍ കഥകളിയുടെ ആവിഷ്ക്കാര സങ്കേതങ്ങളെയാകെ പുതുക്കിപ്പണിയുന്നതിലേക്ക് നയിച്ചു.
2020-ൽ കലാമണ്ഡലം യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ‘The Kathakali Explorer’ എന്ന കൃതിയെ ആധാരമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 1916 ജനുവരിയിൽ കോട്ടയത്ത് നടന്ന ഒരു കഥകളി പ്രകടനത്തെ ആസ്പദമാക്കി 1926-ൽ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ച ‘Les Kathākalis du Malabar’ (മലബാറിലെ കഥകളികൾ) എന്ന എത്നോഗ്രാഫിക് വിവരണമാണ് ഇതിന്റെ മൂലസ്രോതസ്സ്. നരവംശശാസ്ത്രത്തിൽ (Anthropology) ലഭ്യമായ ഏറ്റവും പഴയ ‘എത്നോ-കൊറിയോഗ്രഫി’ (Ethno-choreography) ആയി ഈ കൃതി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഒരു കഥകളിയവതരണത്തെ മുന്‍നിര്‍ത്തി ലഭ്യമായ ഏറ്റവും പഴയ എത്നോഗ്രാഫിക് വിവരണം ‘Les Kathākalis du Malabar’ (മലബാറിലെ കഥകളികൾ) ആണ്. ഈ രചനയെ അടിസ്ഥാനമാക്കി കഥകളിയുടെ പുനരാവിഷ്കരണം ലക്ഷ്യമിട്ടുള്ള ഈ ബഹുവിഷയ ഗവേഷണ പദ്ധതി (Multidisciplinary Research), പ്രശസ്ത നൃത്തസംവിധായകനും എഴുത്തുകാരനും പണ്ഡിതനുമായ റിച്ചാർഡ് ട്രെംബ്ലെയുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.
നൃത്തം, നാടകകലകൾ എന്നിവയോടൊപ്പം നൃത്ത ചരിത്രം, കൾച്ചറൽ സ്റ്റഡീസ്, ആർട്സ് ക്യുറേഷൻ, നരവംശശാസ്ത്രം തുടങ്ങിയ മേഖലകളിലെ വൈദഗ്ദ്ധ്യം സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഫോട്ടോഗ്രാഫിയിലോ വീഡിയോയിലോ കാണുന്ന നിശ്ചലമായ ദൃശ്യങ്ങൾക്കപ്പുറം, പഴയകാലത്തെ സ്റ്റേജ് പ്രകടനങ്ങളെ (അവതരണം, നിർമ്മാണം, കാണികളുടെ അനുഭവം എന്നിവയുൾപ്പെടെ) അവയുടെ സജീവമായ രൂപത്തിൽ പുനഃസൃഷ്ടിക്കുക എന്നതാണ് ഈ പുനരാവിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഭൂതകാലത്തെ പ്രകടനങ്ങളെ സജീവമായ കലയായി അവതരിപ്പിക്കുന്നതിലൂടെ നൃത്ത പുനഃസൃഷ്ടി ഒരു ബഹുമുഖ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു. ഈ പ്രക്രിയയിൽ നൃത്തസംവിധാനപരമായ കാര്യക്ഷമതയ്ക്കൊപ്പം നരവംശശാസ്ത്രപരമായ ഗവേഷണ രീതികളും സമന്വയിപ്പിക്കുന്നു.
ഈ മഹത്തായ സംരംഭത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റും മോൺട്രിയൽ ആസ്ഥാനമായുള്ള ഡാൻസ് കലാശാസും ധാരണാപത്രത്തിൽ (MOU) ഒപ്പുവെച്ച വിവരം ഭാരവാഹികൾ ചെർപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ ധാരണാപത്രം ആഗോള സഹകരണ പദ്ധതികളുടെ പ്രവർത്തനരീതിയെ ആസ്പദിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ധാരണാപത്രം അനുസരിച്ച് കൊറിയോഗ്രഫി, പ്രൊഡക്ഷൻ, കലാകാരൻമാരെ തീരുമാനിക്കൽ, ഗവേഷണം, പരിശീലനം, ധനകാര്യം എന്നിവ ഡാൻസ് കലാഷാസിന്റെ ഉത്തരവാദിത്വമായിരിക്കും. അവതരണസ്ഥലം, പ്രാദേശിക സൗകര്യങ്ങൾ, സാങ്കേതിക വൈദഗ്ധ്യം തുടങ്ങിയ കാര്യങ്ങളിൽ കുഞ്ചുനായർ ട്രസ്റ്റ് സഹകരിക്കും.
റിച്ചാർഡ് ട്രെമ്ബ്ളേ
നൃത്തത്തിൽ ഡോക്റ്ററേറ്റ് നേടിയ റിച്ചാർഡ് ട്രെമ്ബ്ളേ മോൺട്രിയൽ യൂണിവേഴ്സിറ്റിയിൽനിന്നു ഇൻഡോളജി അഥവാ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള പഠനത്തിൽ ബിരുദാനന്തര ബിരുദം കൈവരിച്ചിട്ടുണ്ട്. അദ്ദേഹം വാഴേങ്കട വിജയൻ, കലാമണ്ഡലം കെ ഗോപാലകൃഷ്ണൻ എന്നിവരുടെ കീഴിൽ കേരളം കലാമണ്ഡലത്തിൽ കഥകളി അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലത്തിന്റെ ആവശ്യപ്രകാരം ശ്രീ ട്രെമ്ബ്ളേ ഇലിയഡ് എന്ന പ്രസിദ്ധ കൃതി കഥകളി ആയി അവതരിപ്പിച്ചു. കലാമണ്ഡലം ഗോപി ആശാനും വാഴേങ്കട വിജയൻ ആശാനും സംവിധാനം ചെയ്ത ഈ കഥകളി മുംബൈയിലും സിംഗപ്പൂരും അരങ്ങേറിയിട്ടുണ്ട്. 1990 ഇൽ കാനഡയിലെ മോൺട്രിയൽ നഗരത്തിൽ ഉടലെടുത്ത ഡാൻസ് കലാഷാസ് കമ്പനിയുടെ ഡയറക്ടർ ആണ് ഇദ്ദേഹം. ലോകത്തിൽ പലസ്ഥലങ്ങളിലും ഇദ്ദേഹം കൊറിയോഗ്രാഫ് ചെയ്ത നൃത്ത നാടക ശില്പങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ്
കാറൽമണ്ണയിൽ 1987-ഇൽ രൂപം കൊണ്ട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് കഥകളി സംഘാടനത്തിൽ കേരളത്തിലെ അറിയപ്പെട്ട ഒരു സംഘടനയാണ്. ശില്പശാലകൾ, ഏഷ്യാനെറ്റ് സമാരോഹം, കോട്ടയം കഥകളുടെ ആവിഷ്കരണങ്ങൾ തുടങ്ങി കഴിഞ്ഞ 38 വർഷമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കഥകളിയെ സശ്രദ്ധം പോഷിപ്പിച്ചു വരുന്നു.
റിച്ചാർഡ് ട്രെമ്ബ്ളേ
ആർട്ടിസ്റ്റിക് ഡയറക്ടർ, ഡാൻസ് കലാശാസ്, മോൺട്രിയൽ
ടി കെ അച്യുതന്
പ്രസിഡണ്ട്, വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.