കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ നേരിടുവാൻ എത്തിയ റിട്ടയർ എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ കാറിൽ ഔദ്യോഗിക പരിവേഷമുള്ള നക്ഷത്ര ചിഹ്നങ്ങൾ പതിച്ച ബോർഡ് കണ്ട സംഭവം കേസ് എടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയത്.
ഡിജിപി, എഡിജിപി തസ്തികയിൽ പ്രവർത്തിക്കുന്നവർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഔദ്യോഗിക പരിവേഷത്തിൽ പോലീസ് സേനയിൽ ഇല്ലാത്തയാൾ വാഹനം ഉപയോഗിച്ച് ഏതെങ്കിലും പ്രവർത്തികളോ ഇടപാടുകളോ നടത്തിയിട്ടുണ്ടോയെന്നതും അന്വേഷിക്കേണ്ടതുണ്ടെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടു.
ടോമിൻ ജെ തച്ചങ്കരി സർവ്വീസിൽ ഉണ്ടായിരിക്കവേ മൂന്ന് സ്റ്റാറുകൾ പതിച്ച ഔദ്യോഗിക വാഹനമാണ് ഉപയോഗിച്ചിരുന്നത്. റിട്ടയർ ചെയ്ത ഉടൻ ഔദ്യോഗിക വാഹനം ഹെഡ് ക്വാർട്ടേഴ്സിന് മടക്കി നൽകി. ഇതിനു ശേഷം KL07DE6561 എന്ന സ്വകാര്യ വാഹനത്തിൽ ഡിജിപി, എഡിജിപി റാങ്കിലുള്ളവർ ഉപയോഗിക്കുന്ന നക്ഷത്ര ചിഹ്നങ്ങൾ പതിച്ചത് കുറ്റകരമായ പ്രവൃത്തിയാണ്. കഴിഞ്ഞ ബുധനാഴ്ച കോട്ടയം കളക്ട്രേറ്റ് കോമ്പൗണ്ടിലെ വിജിലൻസ് കോടതിയിൽ ടോമിൻ ജെ തച്ചങ്കരി എത്തിയ കാർ പാർക്ക് ചെയ്യവേ നക്ഷത്ര ചിഹ്നങ്ങൾ കാറിൽ പതിച്ചിരിക്കുന്ന നിയമ വിരുദ്ധത പലരും ചോദ്യം ചെയ്തു. ഡ്രൈവർക്ക് പിശക് പറ്റിയെന്ന് വിശദീകരിച്ച് രക്ഷപ്പെടുവാൻ ശ്രമിച്ച ടോമിൻ ജെ തച്ചങ്കരിയുടെ പ്രവർത്തിയും കുറ്റകരമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു. നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച് കോട്ടയം ടൗണിലൂടെ കാർ സഞ്ചരിച്ച് വിജിലൻസ് കോടതി മുമ്പാകെ എത്തി പാർക്ക് ചെയ്തിരുന്നത് തെളിവുകളോടെ വാർത്തയായി പൊതു സമൂഹം കണ്ടിട്ടും സംഭവത്തിൽ കേസ് ഇതുവരെ എടുക്കാത്തത് നിയമപരമായി അംഗീകരിക്കുവാൻ കഴിയില്ലെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടിക്കാട്ടി.