anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വാല്‍പ്പാറ ദുരന്തം: കൗണ്‍സിലിങ് നല്‍കുന്നതിന് വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു

മലപ്പുറം : വാല്‍പ്പാറ ദുരന്ത ബാധിതര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. ദുരന്ത ബാധിതര്‍ക്ക് ഗുണനിലവാരമുള്ള കൗണ്‍സിലിംഗ് ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

സൈക്കോ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് കൗണ്‍സിലിംഗ് നല്‍കുന്നത്. 119 വിദ്യാര്‍ഥികളാണ് പാങ്ങ് ചേണ്ടി പാറമ്മല്‍ എല്‍.പി സ്‌കൂളിലുള്ളത്. ടെലി കൗണ്‍സിലിംഗിന് 15 സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അഞ്ച് മാനസികാരോഗ്യ കൗണ്‍സിലര്‍മാര്‍, രണ്ട് സൈക്ക്യാട്രിസ്റ്റ് എന്നിവരടങ്ങുന്ന ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമെ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ മാനസിക സ്ഥിതി വിലയിരുത്തുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവര്‍ക്ക് പാങ്ങ് പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ വെച്ച് നാളെ (ഏപ്രില്‍ 21) ട്രെയിനിങ് നല്‍കും.

കൂടാതെ രണ്ടാഴ്ചത്തേക്ക് പാങ്ങ്് പി.എച്ച്.സിയില്‍ രണ്ട് കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട്. വാല്‍പ്പാറ ദുരന്തവുമായി ബന്ധപ്പെട്ട് മാനസിക പ്രയാസം നേരിടുന്നവര്‍ക്ക് മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് ഹെല്‍പ്പ്ലൈന്‍ നമ്പറായ 7593843625 ല്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ടോള്‍ ഫ്രീ നമ്പറായ 1056 ലും ബന്ധപ്പെടാം.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. സി ഷുബിന്‍, ഡോ. ഫിറോസ് ഖാന്‍, ഡി.പി.എം. ഡോ. ടി.എന്‍. അനൂപ്, ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. മര്‍വ കുന്‍ഹീന്‍, പാങ് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷംസുദ്ദീന്‍ പുളിക്കല്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസര്‍ ടി.എന്‍. ധന്യ, കുറുവ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷിഫ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ടി.ടി. ഫൈസല്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രതീഷ് ആര്‍ ദാസ്, മലപ്പുറം എ.ഇ.ഒ ജോസ്മി ജോസഫ്, മലപ്പുറം ഡി.ഡി.ഇ ഇന്‍ ചാര്‍ജ് എസ് സുനിത, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷാജിത അറ്റാശ്ശേരി, കറുവ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, കുറുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിഷ്ണു ശശി, കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുള്‍ സലാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Spread the News

Leave a Comment